ലീഗ് മന്ത്രിമാരെ തങ്ങള്‍ വിളിപ്പിച്ചു
തിരുവനന്തപുരം: ലീഗിലെ നാല് മന്ത്രിമാരെയും മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് അടിയന്തരചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദതന്ത്രത്തിലൂടെ അനര്‍ഹമായത് പലതും നേടിയെടുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ ലീഗ് നീക്കം.
കുഞ്ഞാലിക്കുട്ടി ജൂലൈ 12 ശനിയാഴ്ച രാവിലെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് നിന്നും കരിപ്പൂരെത്തി. രാവിലെ കാര്‍മാര്‍ഗ്ഗം പാണക്കാടിനെ വസതിയിലെത്തിയ കുഞ്ഞാലിക്കുട്ടി അദ്ദേഹവുമായി ചര്‍ച്ചകള്‍ തുടങ്ങി.
ശനിയാഴ്ച രാത്രിയാണ് കുഞ്ഞാലിക്കുട്ടി, മുനീര്‍, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നീ നാല് മന്ത്രിമാരുമായും തങ്ങള്‍ ഒരുമിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. ലീഗിന്റെ അതൃപ്തി കുഞ്ഞാലിക്കുട്ടി ആന്റണിയെ വെള്ളിയാഴ്ച തന്നെ ധരിപ്പിച്ചെങ്കിലും തന്റെ അഭിപ്രായം മാറ്റാന്‍ ആന്റണി ഒരുക്കമല്ല. ഈ പശ്ചാത്തലത്തിലാണ് തങ്ങള്‍ മന്ത്രിമാരെ പ്രത്യേകം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.
ജൂലൈ 21ന് ലീഗ് സംസ്ഥാനസമിതി യോഗം ചേരാനിരിയ്ക്കെ ഇന്നത്തെ യോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. പക്ഷെ ആന്റണിയുടെ പ്രസ്താവനയെ ഗൗരവത്തോടെ കാണുന്നു എന്ന പാണക്കാടിന്റെ പ്രസ്താവനയെ നിസ്സാരമായി തള്ളാനാവില്ല.












Click it and Unblock the Notifications