ഗ്യാസ്, മണ്ണെണ്ണ വില: തീരുമാനം പിന്നീട്
ദില്ലി: പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടണമെന്ന ആവശ്യം കമ്പനികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പരിശോധിക്കുമെന്ന് പെട്രോളിയം മന്ത്രി രാം നായിക് പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പാചകവാതക സിലിണ്ടറിന് 40 രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്സിഡി മൂന്നില്‍ ഒന്ന് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ലാഭത്തില്‍ വന്‍കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്.
പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചെലവ് ഇരട്ടിയായിട്ടും വര്‍ധിപ്പിച്ചിട്ടില്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം വില കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഒരു സമയപരിധി കല്പിക്കാനാവില്ലെന്ന് രാംനായിക് വ്യക്തമാക്കി.
സബ്സിഡി വെട്ടിക്കുറച്ചതിലൂടെ മൂന്ന് കമ്പനികള്‍ക്കുമായി 5430 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായതിനാല്‍ വില കൂട്ടാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാനിടയില്ല.












Click it and Unblock the Notifications