ആന്റണിയോട് വിശദീകരണം തേടി
തിരുവനന്തപുരം: ന്യൂന പക്ഷങ്ങളെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി എ.കെ. ആന്റണിയോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വിശദീകരണം തേടി.
ടെലഫോണില്‍ വിളിച്ചാണ് പ്രസ്താവനയെക്കുറിച്ച് ആന്റണിയോട് അഹമ്മദ് പട്ടേല്‍ അന്വേഷിച്ചത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അഹമ്മദ് പട്ടേല്‍ ഇങ്ങനെ ചെയ്തതെന്ന് അറിയുന്നു. ആന്റണി നല്‍കിയ വിശദീകരണങ്ങള്‍ അഹമ്മദ് പട്ടേല്‍ സോണിയയെ ധരിപ്പിച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള വിവരങ്ങള്‍ സോണിയയെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവന കാരണം മുസ്ലിം ലീഗിനുണ്ടായ പ്രതിഷേധമാണ് വയലാര്‍ രവി സോണിയയെ പ്രധാനമായും ധരിപ്പിച്ചത്.
കേരളത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഐ വിഭാഗം എംഎല്‍എമാര്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. അവര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനകാരണമുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികള്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ധരിപ്പിച്ചിട്ടുണ്ട്. ഇവര്‍ സോണിയാ ഗാന്ധിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 13 ഞായറാഴ്ച സമയം കിട്ടുമെന്നാണ് ഐ സംഘം കരുതുന്നത്. ഇതിനായി അവര്‍ ദില്ലിയില്‍ തങ്ങുകയാണ്.












Click it and Unblock the Notifications