ആന്റണിയുടെ നിലപാട് പഴയത്
തിരുവനന്തപുരം: സംഘടിതശക്തി ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ വിലപേശരുതെന്നും ആത്മനിയന്ത്രണം പാലിക്കണമെന്നുമുള്ള എ. കെ. ആന്റണിയുടെ നിലപാട് അദ്ദേഹം പുതുതായി സ്വീകരിച്ചതല്ല. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും സംബന്ധിച്ച് 10 വര്‍ഷം മുമ്പും ഏതാണ്ട് ഇതേ സമീപനം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയത്തില്‍ നിന്ന് വ്യത്യസ്തമായ ഈ നിലപാട് അദ്ദേഹം പൊതുവേദികളില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് കോണ്‍ഗ്രസ് നേതാവ് മാത്രമായിരുന്നു ആന്റണി. അതിനാല്‍ അത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയില്ല. 10 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിലപാട് ആന്റണി ആവര്‍ത്തിച്ചപ്പോള്‍ അത് വിവാദത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി.
1993 ജനവരി 15 വെള്ളിയാഴ്ച കൊച്ചിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമായ ഹൈന്ദവര്‍ വിചാരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ എന്നാണ്. പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ഇസ്ലാമബാദും റോമും വാഷിംഗ്ടണും വിചാരിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷാബോധമുണ്ടാക്കാന്‍ സാധ്യമല്ല. ഭരണഘടനയിലെ ഉറപ്പുകൊണ്ടുമാവില്ല. സ്വാതന്ത്യ്രലബ്ധിക്കും വിഭജനത്തിനു ശേഷം ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രകടിപ്പിച്ച വിശാലമനസ്കതയും സൗഹാര്‍ദവുമാണ് മതേതരത്വത്തെ ശക്തിപ്പെടുത്തിയത്. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമായ ഹൈന്ദവര്‍ വിചാരിച്ചാല്‍ മാത്രമേ ഇന്ത്യയിലെ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ.
ഹിന്ദുക്കളിലെ ഭൂരിപക്ഷം ഇന്ത്യ മതേതരമായി നിലനില്‍ക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ മതേതരത്വം നിലനിര്‍ത്താന്‍ സാധിക്കൂ. ഹിന്ദുക്കളിലെ ഭൂരിപക്ഷത്തെ മതേതരത്വത്തില്‍ ഉറപ്പിച്ചുനിര്‍ത്തണമെങ്കില്‍ ബി ജെ പിക്ക് എതിരായുള്ള രാഷ്ട്രീയ പ്രചാരണം കൊണ്ടുമാത്രം കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം വേണമെന്നു പറയുന്നതുപോലെ തന്നെ ഹൈന്ദവരില്‍ ഭൂരിപക്ഷത്തെ തങ്ങളുടെ സംരക്ഷകരും സുഹൃത്തുക്കളും ആയി നിലനിര്‍ത്തുന്നതിന് വേണ്ടി തങ്ങളുടെ പ്രവര്‍ത്തനശൈലികളിലും സമീപനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്താന്‍ ന്യൂനപക്ഷ നേതാക്കന്മാരും തയ്യാറാവണം. ന്യൂനപക്ഷങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സംരക്ഷിക്കപ്പെടണം. അതേ അവസരത്തില്‍ ന്യൂനപക്ഷക്കാരുടെ ചെലവില്‍ ചിലരൊക്കെ പറഞ്ഞു നടക്കുന്നതിനെ കണ്ണടച്ച് പിന്തുണച്ചാലേ ന്യൂനപക്ഷങ്ങളുടെ മിത്രങ്ങളാകൂയെന്ന ധാരണ മാറണം.
1993 ജനവരി 16ന് കൊല്ലത്ത് നടന്ന സി. എം. സ്റീഫിന്റെ ഒമ്പതാം ചരമദിനത്തോട് അനുബന്ധിച്ചു നടന്ന അനുസ്മരണ യോഗത്തിലും ഈ ആശയങ്ങള്‍ ആന്റണി ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മതേതരത്വം ഭൂരിപക്ഷ ഹിന്ദുക്കളുടെ വിശാലഹൃദയം കൊണ്ടുകൂടിയാണ് നിലനിന്നുപോവുന്നതെന്നും ന്യൂനപക്ഷങ്ങള്‍ ഇതു മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറയുന്നു.












Click it and Unblock the Notifications