മനോരമ എഴുതിയത് കള്ളം: ഗൗരിയമ്മ
കണ്ണൂര്‍: സി പി എമ്മില്‍ ആയിരിക്കുമ്പോഴും അമ്പലത്തില്‍ രഹസ്യമായി പോയിട്ടുണ്ടെന്ന് താന്‍ പറഞ്ഞതായി മലയാള മനോരമ ശ്രീയിലെഴുതിയത് കള്ളമാണെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ.
താന്‍ രഹസ്യമായി അമ്പലത്തില്‍ പോയെന്നത് മനോരമ ലേഖകന്റെ ഭാവന മാത്രമാണ്. സി പി എമ്മിലായിരിക്കുമ്പോള്‍ എപ്പോഴും തിരക്കായിരിക്കുമെന്നും അസുഖം വന്നാല്‍ മാത്രമാണ് തിരക്കൊഴിയുന്നതെന്നുമാണ് മനോരമ ലേഖകനോട് പറഞ്ഞത്. അല്ലാതെ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്ന പരാമര്‍ശം നടത്തിയിട്ടില്ല. കണ്ണൂര്‍ ഗസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
ജൂലൈ 13 ഞായറാഴ്ചയിലെ മലയാള മനോരമ ശ്രീയിലാണ് ഗൗരിയമ്മ അമ്പലം സന്ദര്‍ശിക്കാറുണ്ടെന്ന് പറഞ്ഞതായി എഴുതിയിരിക്കുന്നത്. താന്‍ കൃഷ്ണഭക്തയാണെന്ന് വെളിപ്പെടുത്തിയതായും ഫീച്ചറില്‍ എഴുതിയിരിക്കുന്നു. ഗുരുവായൂരമ്പനടയില്‍ ഒരു ദിവസം ഞാന്‍... എന്ന തലക്കെട്ടുള്ള ഫീച്ചറില്‍ ഗൗരിയമ്മ പറഞ്ഞതായി എഴുതിയിരിക്കുന്ന വാക്കുകള്‍ ഇങ്ങനെ: നിങ്ങള്‍ക്കറിയാമോ, സി പി എമ്മിലായിരിക്കുമ്പോഴും ഞാന്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. രഹസ്യമായിട്ടാണെന്ന് മാത്രം. ചെറുപ്പം മുതലേ ഞാന്‍ ശ്രീകൃഷ്ണന്റെ ആരാധികയായിരുന്നു. മാലയില്‍ ശ്രീകൃഷ്ണന്റെ ലോക്കറ്റ് പതിച്ചിരുന്നു. കല്ലുവച്ച മോതിരത്തിലും കൃഷ്ണന്റെ രൂപമുണ്ടായിരുന്നു....
ടി. വി. തോമസുമായുള്ള ദാമ്പത്യം പാര്‍ട്ടിക്ക് വേണ്ടിയാണ് വേര്‍പിരിഞ്ഞതെന്ന് ഗൗരിയമ്മ പറഞ്ഞതായും ഫീച്ചറില്‍ പരാമര്‍ശമുണ്ട്.


Click it and Unblock the Notifications