സോണിയയോട് നേതൃമാറ്റം ആവശ്യപ്പെട്ടു
ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
ജൂലൈ 14 ചൊവാഴ്ച പി. പി. ജോര്‍ജിന്റേ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രതിനിധി സംഘം സോണിയാഗാന്ധിക്ക് നല്‍കിയ നിവേദനത്തിലാണ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനൊപ്പമാണ് ഐ ഗ്രൂപ്പ് സംഘം സോണിയയെ സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിയെ മാറ്റണമെന്ന് നേരത്തെ ഐ ഗ്രൂപ്പ് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് സോണിയക്ക് മുന്നില്‍ രേഖാമൂലം ഈ ആവശ്യം ഉന്നയിക്കുന്നത്. ഐ ഗ്രൂപ്പ് സംഘം നല്‍കിയ നിവേദനത്തില്‍ ആന്റണിയുടെ വീഴ്ചകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
അരമണിക്കൂറോളം നേരം പി. പി. ജോര്‍ജും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഇ. എം. അഗസ്തി, അടൂര്‍ പ്രകാശ് എന്നിവരും സോണിയയുമായി ചര്‍ച്ച നടത്തി.
അതേ സമയം ആന്റണിയുടെ പ്രസ്താവന സംബന്ധിച്ച് ഹൈക്കമാന്റ് ഇതുവരെ വ്യക്തമായ നിലപാടെടുത്തിട്ടില്ല. ആന്റണിയോട് ഹൈക്കമാന്റിന്റേത് മൃദുസമീപനം തന്നെയായിരിക്കുമെന്നാണ് സൂചന.
പ്രസ്താവന സംബന്ധിച്ച് ആന്റണി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹത്തിന്റേത് ന്യൂനപക്ഷ താത്പര്യത്തിന് വിരുദ്ധമായ നിലപാടാണെന്ന് കരുതുന്നില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ആന്റണിയുമായി വീണ്ടും സംസാരിക്കുമെന്ന് പട്ടേല്‍ വ്യക്തമാക്കി.












Click it and Unblock the Notifications