മാറാട്: കൃഷ്ണയ്യരുടെ ഫോര്‍മുല പരിഗണിക്കും
തിരുവനന്തപുരം: മാറാട് പ്രശ്നം പരിഹരിക്കുന്നതിന് ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ നിര്‍ദേശിച്ച പഞ്ചശീല്‍ മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. കൃഷ്ണയ്യരുടെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു.
യു ഡി എഫിലെ മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളും ബി ജെ പിയും കൃഷ്ണയ്യരുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു. അതേ സമയം സി പി എമ്മും മുസ്ലി ലീഗും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കൃഷ്ണയ്യരെ പോലുള്ള ഒരാള്‍ മാറാട് പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിര്‍ദേശങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കൃഷ്ണയ്യര്‍ ശരിയായ സമയത്ത് ശരിയായ നിര്‍ദേശങ്ങളുമായാണ് മുന്നോട്ടുവന്നതെന്ന് മന്ത്രി കെ. എം. മാണി പറഞ്ഞു. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള ഏത് ശ്രമവും സ്വാഗതാര്‍ഹമാണ്.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ കൃഷ്ണയ്യരുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ നിര്‍ദേശങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു. ആദ്യം സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണം. അക്രമത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നതും രണ്ടാമതും മൂന്നാമതും മാത്രം വരേണ്ടതാണ്.
കൃഷ്ണയ്യരുടെ നിര്‍ദേശങ്ങള്‍ കണ്ടിട്ടില്ലെന്നും അതിനാല്‍ അഭിപ്രായം പറയാനാവില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ദേശങ്ങളെ കുറിച്ച് പിന്നീട് അഭിപ്രായം പറയാമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞത്.
കൃഷ്ണയ്യരുടെ നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന ് ആര്‍ എസ് എസ് നേതാവ് എ. ആര്‍. മോഹന്‍, വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു.
അതേ സമയം നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോട് എന്‍ ഡി എഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാത്തതിന്റെ കാരണങ്ങള്‍ സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍ ഡി എഫ് ചെയര്‍മാന്‍ എ. സെയ്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. മാറാട് നിന്നും ഓടിപ്പോയ മുസ്ലിം കുടുംബങ്ങളുടെ വീടുകളില്‍ നിന്നും എടുത്തുകൊണ്ടുപോയ വിലപിടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കുന്നതിനെ പറ്റി നിര്‍ദേശങ്ങളില്‍ ഒന്നും പറയുന്നില്ല.












Click it and Unblock the Notifications