അദ്വാനിയുടെ രാജിയ്ക്ക് വേണ്ടി ബഹളം
ദില്ലി: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ലോക്സഭയില്‍ ബഹളം കൂട്ടി. അംഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒന്നരമണിക്കൂറോളം സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് സിബിഐ ഒഴിവാക്കിയതിനെച്ചൊല്ലിയായിരുന്നു പ്രതിപക്ഷബഹളം. രാവിലെ കശ്മീരിലെ വെടിവയ്പിനെക്കുറിച്ചുള്ള ചര്‍ച്ച തീര്‍ത്തയുടന്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവയില്‍പ്പെട്ട അംഗങ്ങള്‍ അദ്വാനി രാജിവയ്ക്കൂ എന്ന മുറവിളിയുമായി സ്പീക്കറുടെ ചേംബറിലേക്ക് കുതിയ്ക്കുകയായിരുന്നു.
എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു സ്പീക്കര്‍ക്ക്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ സ്പീക്കര്‍ സഭ നീട്ടിവയ്ക്കുകയായിരുന്നു.
ഈ ബഹളം തുടരുന്നതിനിടയില്‍ തെലുഗുദേശം അംഗങ്ങളും സ്പീക്കറുടെ ചേംബറിലേക്ക് കുതിച്ചു ബഹളമുണ്ടാക്കി. തുംഗനദിയ്ക്ക് കുറുകെ കര്‍ണ്ണാടകം അണക്കെട്ട് നിര്‍മ്മിയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു തെലുഗുദേശം അംഗങ്ങള്‍ ബഹളം കൂട്ടിയത്.












Click it and Unblock the Notifications