തിരക്കഥാകൃത്ത് ജി.എ. ലാല്‍ മരിച്ചു
കൊല്ലം: ചലച്ചിത്ര, ടിവി സീരിയല്‍ തിരക്കഥാകൃത്ത് ജി.എ. ലാലിനെ (37) തീവണ്ടിപ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മയ്യനാട് റെയില്‍വേ സ്റേഷനടുത്തുള്ള പാളത്തിലാണ് ലാലിന്റെ ജഡം കണ്ടെത്തിയത്.
തീവണ്ടിയില്‍ നിന്ന് വീണാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ലാല്‍ തിരക്കഥയെഴുതിയ സ്വപ്നം എന്ന സീരിയലിന്റെ മട്ടാഞ്ചേരിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരം ജഗതിയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലാല്‍. ഈ സീരിയലിന്റെ സംവിധായകന്‍ കെ.കെ. രാജീവ്, ക്യാമറാമാന്‍ വൈത്തി, സഹസംവിധായകന്‍ ഷൈജു എന്നിവരും ഗുരുവായൂര്‍-എഗ്മൂര്‍ എക്സ്പ്രസില്‍ ഒപ്പമുണ്ടായിരുന്നു.
രണ്ടാം ക്ലാസ് എസി കമ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ആലപ്പുഴ വരെ നാലുപേരും ഒന്നിച്ചിരുന്ന് സംസാരിച്ചശേഷം ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ നാലിന് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ലാലിനെ കാണാനില്ലെന്ന് മറ്റുള്ളവര്‍ അറിഞ്ഞത്. ലാലിന്റെ ബാഗും മൊബൈല്‍ ഫോണും ട്രെയിനില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയ്യനാട് റെയില്‍വേസ്റേഷനടുത്തുള്ള പാളത്തില്‍ ഒരു യുവാവിന്റെ ജഡം കണ്ടെത്തിയതായും അത് ജി.എ. ലാല്‍ ആണെന്നും തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം ജഗതി കൊച്ചാര്‍ റോഡ് ടി.സി. 16/657ലെ റിട്ടയേര്‍ഡ് കെഎസ്ഇബി അക്കൗണ്ട്സ് ഓഫീസര്‍ ജി. അനിരുദ്ധന്റെയും നെയ്യാറ്റിന്‍കര ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപിക ഇന്ദിരയുടെയും മൂത്തമകനാണ്. കോട്ടയത്ത് റബര്‍ ബോര്‍ഡില്‍ ലൈബ്രേറിയനായ അജിതയാണ് ഭാര്യ.
മൃതദേഹം തൈക്കാട് ശ്മശാനത്തില്‍ ബുധനാഴ്ച ഉച്ചയോടെ സംസ്കരിക്കും.












Click it and Unblock the Notifications