നിയമസഭാ സമിതി മേക്കര ഡാം സന്ദര്‍ശിക്കും
തിരുവനന്തപുരം: പമ്പ-അച്ചന്‍കോവില്‍ നദികളില്‍ നിന്ന് വെള്ളം ചോര്‍ത്തുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റി തമിഴ്നാട്ടിലെ മേക്കര ഡാം സന്ദര്‍ശിക്കും.
ജൂലൈ 25 വെള്ളിയാഴ്ച സ്പീക്കര്‍ വക്കം പുരുഷോത്തമനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ഒരു സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് മേക്കര ഡാം പമ്പ-അച്ചന്‍കോവില്‍ നദികളില്‍ നിന്ന് വെള്ളം ചോര്‍ത്തുന്നുണ്ടെന്ന് ആരോപിച്ചത്. മേക്കര അണക്കെട്ടിലേക്ക് 15 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ചാണ് തമിഴ്നാട് നദികളില്‍ നിന്ന് വെള്ളം ചോര്‍ത്തുന്നതെന്നും ഡാമിന്റെ ഉയരം വളരെ കൂടുതലാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
എന്നാല്‍ മേക്കരയില്‍ ഇങ്ങനെയൊരു ടണല്‍ നിര്‍മിച്ചിട്ടില്ലെന്ന് സബ്മിഷനുള്ള മറുപടിയില്‍ ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു. വനം, ജലസേചന വകുപ്പുകളുടെ സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജേക്കബ് പറഞ്ഞു.
ഡാമില്‍ 33 അടി ഉയരത്തില്‍ മാത്രമേ വെള്ളമുള്ളൂവെന്നാണ് ഡാം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായത്.
എന്നാല്‍ ജേക്കബിന്റെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. ഡാമിലെ വെള്ളത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗൗരവമേറിയ പ്രശ്നമെന്ന നിലയില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഡാം സന്ദര്‍ശിക്കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു.
പമ്പ-അച്ചന്‍ കോവില്‍ നദികള്‍ അന്തര്‍ദേശീയ നദികളല്ലെന്നും അതുകൊണ്ടുതന്നെ ഈ നദികള്‍ തമിഴ്നാട്ടിലേക്ക് വഴിതിരിച്ചുവിടണമെന്ന് നിയമപരമായും ഭരണഘടനാപരമായും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തിനാവില്ലെന്നും ടി. എം. ജേക്കബ് പറഞ്ഞു. നദികളെ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ നദികളെ ബന്ധിപ്പിക്കല്‍ പദ്ധതിക്കെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കും.
ഭവാനി നദിയിലെ അട്ടപ്പാടി ജലസേചന പദ്ധതി ഫണ്ടിന്റെ അഭാവം മൂലം ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications