അരുണാചല്‍: ഗഗോംഗ് അപാങ് മുഖ്യമന്ത്രി ആയേയ്ക്കും
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയിലായി. 59 അംഗ നിയമസഭയിലെ 38 അംഗങ്ങള്‍ വേറെ പാര്‍ട്ടി ഉണ്ടാക്കിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.
എങ്കിലും മുഖ്യമന്ത്രി മുകുത് മിഥി രാജി വയ്ക്കില്ലെന്ന വാശിയിലാണ്. അരുണാചലിലെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ എം എല്‍ എയുമായ ഗഗോംഗ് അപാങ് ആണ് പുതിയ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചിരിയ്ക്കുന്നത്. 1980 മുതല്‍ 1999 വരെ അരുണാചലിന്റെ മുഖ്യമന്ത്രി ആയിരുന്നു ഇദ്ദേഹം. ഈ നിയമസഭയുടെ കാലാവധി 2003 ഡിസംബറില്‍ അവസാനിയ്ക്കും. അതിനിടയിലാണ് ഈ രാഷ്ട്രീയ നാടകം.
ഗഗോംഗ് അപാങിന്റെ നേതൃത്ത്വത്തിലാണ് യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരിയ്ക്കുന്നത്. ഈ നിയമസഭയിലെ ഏക പ്രതിപക്ഷ അംഗമായിരുന്നു അപാങ്. കോണ്‍ഗ്രസ് കാരനായിരുന്ന അപാങ് 1996 ലാണ് പാര്‍ട്ടിയില്‍ നിന്ന് വിട്ട് അരുണാചല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്.
38 പേര്‍ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അരുണാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയ്ക്ക് 21 എം എല്‍ എ മാരുടെ പിന്തുണയേ ഉള്ളു.












Click it and Unblock the Notifications