ഫാക്സ് സന്ദേശം: വെളിപ്പെടുത്തല്‍ അതൃപ്തി മൂലം
തിരുവനന്തപുരം: എ ഐ സി സി അയച്ചെന്ന് പറയുന്ന ഫാക്സ് സന്ദേശത്തെ ചൊല്ലിയുണ്ടായ വിവാദം ഹൈക്കമാന്റില്‍ അതൃപ്തിയുണ്ടാക്കി. ഫാക്സ് സന്ദേശം അയച്ചിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഫാക്സ് അയച്ചിരുന്നുവെന്നും പിന്നീട് പിന്‍വലിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഇതേ തുടര്‍ന്നാണ്.
ആര്‍ക്കുമെതിരെ നടപടിയില്ലെന്ന് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതും വ്യാജഫാക്സ്സന്ദേശത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ആവശ്യപ്പെട്ടതുമാണ് ഹൈക്കമാന്റില്‍ അതൃപ്തിയുണ്ടാക്കിയത്. ഹൈക്കമാന്റിന്റെ അതൃപ്തി അഹമ്മദ് പട്ടേല്‍ നേതാക്കളെ അറിയിക്കുകയും ചെയ്തു.
പ്രശ്നം എല്ലാവരുമായി ചര്‍ച്ച ചെയ്താണ് പരിഹരിച്ചതെന്നും കരുണാകരനുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫാക്സ് സന്ദേശമയച്ചിരുന്നില്ലെന്ന് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും എന്നാല്‍ ഐ ഗ്രൂപ്പ് ഫാക്സ് സന്ദേശ പ്രശ്നം വഷളാക്കുകയാണ് ചെയ്തതെന്നും പട്ടേല്‍ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഫാക്സ് സന്ദേശം അയച്ചിരുന്നുവെന്നും കരുണാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വവലിക്കുകയായിരുന്നുവെന്നും പട്ടേല്‍ വെളിപ്പെടുത്തിയത് ഐ ഗ്രൂപ്പ് പ്രശ്നം വഷളാക്കിയതു കൊണ്ടാണ്. പ്രശ്നങ്ങളെ കുറിച്ച് സോണിയാഗാന്ധിയെ ധരിപ്പിക്കുമെന്ന് പട്ടേല്‍ നേതാക്കളോട് പറഞ്ഞു.
അതേ സമയം പാര്‍ട്ടി കീഴ്വഴക്കത്തിന് ചേരാത്ത നടപടികളുണ്ടായതു കൊണ്ടാണ് ഫാക്സ് പ്രശ്നത്തില്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. നടപടി കാര്യം അറിയിച്ചുകൊണ്ട് കത്ത് ലഭിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications