പ്രവാസി പെന്‍ഷന്‍ പദ്ധതി പരാജയം
തിരുവനന്തപുരം: പ്രവാസിക്ഷേമ വകുപ്പ് ഏറെ കൊട്ടിഘോഷിച്ചുതുടങ്ങിയ പ്രവാസി സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പരാജയമായി. പദ്ധതി തുടങ്ങി ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ വെറും 18 പേര്‍ മാത്രമാണ് ഇതില്‍ ചേര്‍ന്നത്.
നോര്‍ക്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂട്ട്സാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി തുടങ്ങുന്നതിന് മുമ്പായി വന്‍പ്രചാരമാണ് അധികൃതര്‍ നല്‍കിയിരുന്നത്. പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്റെ നേതൃത്വത്തില്‍ ഒരു സംഘം പെന്‍ഷന്‍ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനായി യു എ ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം പാഴായി. ആറ് മാസത്തിനുള്ളില്‍ 18 പേര്‍ മാത്രം ചേര്‍ന്ന പദ്ധതിക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി സൗദി അറേബ്യയിലേക്കും ബഹ്റിനിലേക്കും ഉദ്യോഗസ്ഥസംഘവുമായി പോകാനൊരുങ്ങുകയാണ് ഹസ്സന്‍.
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് എല്‍ ഐ സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് പ്രചാരം നല്‍കേണ്ടത് സര്‍ക്കാരാണെന്നും കോര്‍പ്പറേഷന് അതിന്റെ ചുമലയില്ലെന്നും എല്‍ ഐ സി അധികൃതര്‍ പറയുന്നു.
പദ്ധതിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി അപകട ഇന്‍ഷ്വറന്‍സ്, തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യ പരിശോധന, കുടുംബ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നീ ആനുകൂല്യങ്ങള്‍ നോര്‍ക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പദ്ധതി ആകര്‍ഷമെങ്കിലും നേരത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള പല ആനുകൂല്യങ്ങളും ആളുകള്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ മടിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേ സമയം ഇപ്പോള്‍ 18 പേര്‍ മാത്രമേ പദ്ധതിയില്‍ കൂടുതല്‍ ചേര്‍ന്നിട്ടുള്ളൂവെങ്കിലും കൂടുതല്‍ പേര്‍ പദ്ധതിയില്‍ ചേരാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും ആയിരത്തോളം പേര്‍ പദ്ധതിയില്‍ ചേരാന്‍ അപേക്ഷ നല്‍കിട്ടിട്ടുണ്ടെന്നും നോര്‍ക്ക അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications