സഭാപ്രവര്‍ത്തനം പരിഷ്കരിക്കണം: കര്‍ദിനാള്‍
കൊച്ചി: സഭാനടപടികള്‍ മെച്ചപ്പെടുത്താനും മതാഘോഷങ്ങള്‍ നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നത് ഒഴിവാക്കാനും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിര്‍ദേശിച്ചു.
ജൂലായില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ആഘോഷ പരിപാടികള്‍ നടത്തുന്നതിലും മറ്റുമുള്ള നിലവിലുള്ള രീതികള്‍ മാറ്റാന്‍ നിര്‍ദേശിക്കുന്നത്. വഴിയോരങ്ങളില്‍ പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിന് മുമ്പ് അതിന്റെ മതപരമായ പ്രാധാന്യം വിലയിരുത്തിയിരിക്കണമെന്ന് ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നു.
എല്ലാ ആഴ്ചയിലെയും പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തുന്നത് അതിരൂപതയിലെ പ്രധാനപള്ളിയില്‍ വച്ചായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. വഴിയോരത്തെ സൗകര്യം കുറഞ്ഞ പള്ളികളില്‍ പ്രാര്‍ഥനാ യോഗം നടത്തുന്നത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണിത്.
അതിരൂപതയിലെ പ്രധാന പള്ളിയിലെ ആഘോഷത്തേക്കാള്‍ കേമമായി മറ്റ് പള്ളികളില്‍ ആഘോഷം നടത്തുന്ന പതിവ് നിര്‍ത്തണം. ഇത്തരം പ്രവണത തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു.
പള്ളികളിലെ ആഘോഷങ്ങളുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് ഒഴിവാക്കണം. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലാപരിപാടികളില്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കണം. മനസിനെ മലിനപ്പെടുത്തുന്ന തരത്തിലുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. ആഘോഷാവസരങ്ങളില്‍ അമിതമായി മദ്യപിക്കുന്നതും ഒഴിവാക്കണം.
മാര്‍ച്ചിലും ഏപ്രിലുമായി നടന്ന സഭാ സമ്മേളനത്തിലും പാസ്ററല്‍ കൗണ്‍സിലിലും നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടയലേഖനം തയ്യാറാക്കിയത്.












Click it and Unblock the Notifications