മാറാട്: തീവ്രവാദി ബന്ധമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ ഏതെങ്കിലും തീവ്രവാദി സംഘടനക്ക് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണവും സ്വതന്ത്ര അന്വേഷണവും വേണമെന്ന ഹര്‍ജികളിന്മേല്‍ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ച എതിര്‍ സത്യാവങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റിലായ ആര്‍ക്കും തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്ന് സത്യാവങ്മൂലത്തില്‍ പറഞ്ഞു.
മാറാട് കലാപത്തിന് സാധ്യതയുണ്ടെന്ന് ലോക്കല്‍ പൊലീസിന് സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുസ്ലിം ലീഗ്, സി പി എം, എന്‍ ഡി എഫ്, ഐ എന്‍ എല്‍ എന്നീ സംഘടനകളില്‍ പെട്ടവരാണ് മാറാട് കേസിലെ പ്രതികള്‍.
മാറാട് 2002 ജനവരിയിലുണ്ടായ കലാപത്തില്‍ മരിച്ച അബൂബക്കറിന്റെ ബന്ധുക്കളാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ഹിന്ദുക്കളോട് വിരോധമുള്ള ചിലര്‍ ഇതിനോട് ചേരുകയായിരുന്നു.
അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം വിട്ടാല്‍ കുറ്റപത്രം നല്‍കുന്നത് വൈകാനിടയാക്കും- സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഹര്‍ജികളിന്മേല്‍ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ 29 ചൊവാഴ്ച വാദം കേള്‍ക്കുന്നത് തുടരും.












Click it and Unblock the Notifications