ഫാക്സ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അയച്ചുവെന്ന് പറയുന്ന ഫാക്സ് സന്ദേശത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനോട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.
ആഗസ്ത് അഞ്ചാം തീയതി ചൊവാഴ്ച കോടതിയില്‍ ഹാജരാവാനും മുരളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് മുരളിക്ക് നോട്ടീസ് നല്‍കിയത്.
ഏത് മാര്‍ഗവും ഉപയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഫാക്സ് സന്ദേശം അയച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി എ. കെ. ആന്റണിയും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുമാണ് കേസിലെ പ്രതികള്‍.
സൂര്യാ ടി വി ചീഫ് ന്യൂസ് എഡിറ്റര്‍ സുകുമാരനോടും കൈരളി ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് നാരായണനോടും കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജൂലായ് 21, 24 തീയതികളില്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്ത അഹമ്മദ് പട്ടേലിന്റെയും മുരളീധരന്റെയും വാര്‍ത്താ സമ്മേളനങ്ങളുടെ സി ഡികള്‍ ആഗസ്ത് അഞ്ചാം തീയതി കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.












Click it and Unblock the Notifications