ട്രോളിംഗ് നിരോധനം അവസാനിച്ചു
തിരുവനന്തപുരം: നാല്പത്തഞ്ച് ദിവസമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ജൂലൈ 29 ചൊവാഴ്ച രാത്രിയോടെ അവസാനിച്ചു. പക്ഷേ ട്രോളറുകള്‍ക്ക് ബുധനാഴ്ച രാവിലെ കടലില്‍ പോകാനായില്ല. കടല്‍ ക്ഷോഭം കാരണമാണ് കടലില്‍ പോകാനാവാത്തത്.
പല ബോട്ടുകളും കടലില്‍ പോയെങ്കിലും ഉള്‍ക്കടലിലേയ്ക്ക് പോകാതെ അവയെല്ലാം മടങ്ങി.
പതിവ് പോലെ ഈ വര്‍ഷവും ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ചില സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇക്കുറി വലിയ കപ്പല്‍ വള്ളങ്ങളെ കൂടി നിരോധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വലിയ ഔട്ട്ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച തുറന്ന വള്ളങ്ങളെയാണ് കപ്പല്‍ വള്ളങ്ങള്‍ എന്ന് വിളിയ്ക്കുന്നത്. നിരോധനം ലംഘിച്ചുകൊണ്ട് ഇത്തരം വള്ളങ്ങള്‍ തുടക്ക ദിവസങ്ങളില്‍ കടലില്‍ പോകാന്‍ ശ്രമിച്ചതായിരുന്നു പ്രശ്നമുണ്ടാക്കിയത്.
ട്രോളിംഗ് നിരോധനം അവസാനിയ്ക്കുന്നതോടെ ഇതുവരെ ജോലി ഇല്ലാതിരുന്ന ബോട്ട് തൊഴിലാളികള്‍ക്ക് ജോലി കിട്ടും. ജോലി ഇല്ലാത്തതിനാല്‍ പല സ്ഥലത്തേയ്ക്കും പോയിരുന്ന തൊഴിലാളികള്‍ മീന്‍ പിടിത്ത തുറമുഖങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്.
നിരോധനം പിന്‍വലിച്ചതോടെ കൊല്ലത്ത് ശക്തി കുളങ്ങരയില്‍ നിന്ന് മാത്രം 1340 ബോട്ടുകളാണ് മീന്‍ പിടിയ്ക്കാനായി കടലിലേയ്ക്ക് പോയത്. പക്ഷേ ഇവ ഒക്കെ ഉള്‍കടലില്‍ പോകാനാവാതെ മടങ്ങി. അപൂര്‍വം ചില ബോട്ടുകള്‍ ഇളകിയ കടലിനെ അവഗണിച്ച് പോയെങ്കിലും കാര്യമായ കൊയ്ത്ത് കിട്ടിയില്ല.












Click it and Unblock the Notifications