ഫാക്സ് സന്ദേശം അയച്ചിരുന്നുവെന്ന് മുരളി
ദില്ലി: അഞ്ച് എം എല്‍ എമാരെ പുറത്താക്കുന്നുവെന്ന് അറിയിക്കുന്ന ഫാക്സ് സന്ദേശം എ ഐ സി സി അയച്ചിരുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ഫാക്സ് സന്ദേശത്തെ കുറിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തില്‍ വച്ച് എല്ലാം വ്യക്തമാക്കിയ നിലക്ക് ഫാക്സ് വിവാദം അടഞ്ഞ അധ്യായമാണ്.
കോടതി നിര്‍ദേശം അനുസരിച്ച് എ ഐ സി സിയുടെ ഫാക്സ് സന്ദേശം ഹാജരാക്കും. കോടതിയില്‍ കൈമാറുന്നതിനായി ഫാക്സ് സന്ദേശത്തിന്റെ പകര്‍പ്പും മറ്റു ചില രേഖകളും അഹമ്മദ് പട്ടേല്‍ തനിക്ക് കൈമാറിയിട്ടുണ്ട്.
ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിന്റെ തലേന്ന് അഹമ്മദ് പട്ടേലുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു. ബില്‍ പാസാവുമെന്ന് എന്ന് തനിക്കുറപ്പുണ്ടായിരുന്നു. എന്നാല്‍ ബില്‍ പാസാവുമെന്ന് ഉറപ്പുവരുത്താനായിരിക്കാം അഞ്ച് എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് അറിയിക്കുന്ന ഫാക്സ് സന്ദേശം പിന്നീട് അയച്ചത്.
ആധികാരിക കേന്ദ്രങ്ങളില്‍ നിന്നുള്ള ആരുടെയെങ്കിലും സന്ദേശം കിട്ടിയതുകൊണ്ടാവാം ഫാക്സ് അയക്കാന്‍ തീരുമാനിച്ചത്. തലേന്ന് സംസാരിച്ചതിന് ശേഷം തന്നോട് ചോദിക്കാതെ അഹമ്മദ് പട്ടേല്‍ ഫാക്സ് സന്ദേശം അയച്ചത് തെറ്റല്ലേേ എന്ന ചോദ്യത്തിന് അത് എ ഐ സി സി ജനറല്‍ സെക്രട്ടറിയോട് ചോദിക്കണം എന്നായിരുന്നു മുരളിയുടെ മറുപടി.












Click it and Unblock the Notifications