വിതയത്തിലിന്റെ ഇടയലേഖനത്തിന് പ്രശംസ
കൊച്ചി: പള്ളിയിലെ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ന്യൂനതകള്‍ പരിഹരിയ്ക്കാനാവശ്യപ്പെട്ട് എറണാകുളം അങ്കമാലി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ഈയിടെ പുറത്തിറക്കിയ ഇടയലേഖനം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു. മതവും മതപരമായ ചടങ്ങുകളും ആഘോഷങ്ങളും മനുഷ്യന്റെ ആത്മീയോന്നമനത്തിന് ഉതകണമെന്നും അത് ആരുടെയും സ്വാതന്ത്യ്രത്തെ ഹനിക്കരുതെന്നും ഇടയലേഖനത്തില്‍ കര്‍ദ്ദിനാള്‍ വിശദീകരിയ്ക്കുന്നു.
തിരുനാളാഘോഷങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധമായി പണം പിരിയ്ക്കുന്നതും അമിതമായി പണം ചെലവാക്കുന്നതും ആര്‍ഭാടങ്ങള്‍ കാണിയ്ക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ലെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ പറയുന്നു. തിരുനാളാഘോഷവേളകളില്‍ നടക്കുന്ന മദ്യപാനവും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമങ്ങള്‍ക്കും വര്‍ധിച്ച അരാജകത്വത്തിനും കാരണമാകാറുണ്ട്. അധമവികാരങ്ങളുണര്‍ത്തുന്ന കലാപരിപാടികള്‍ അവതരിപ്പിയ്ക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മീയതയ്ക്കും പരിശുദ്ധിയ്ക്കും യോജിക്കാത്ത ഇത്തരം പ്രവണതകള്‍ ബോധപൂര്‍വം പരിവര്‍ജിയ്ക്കണമെന്നും അദ്ദേഹം ഇടയലേഖനത്തില്‍ പറയുന്നു.
പണം മിതമായി ചെലവ് ചെയ്തും ക്രിസ്തീയകൂട്ടായ്മയും മതസൗഹാര്‍ദ്ദവും പരിപോഷിപ്പിച്ചും സന്തോഷവും ദൈവാനുഭവവും പങ്കുവച്ചും നടത്തുന്ന തിരുനാളാഘോഷങ്ങളേ ആത്മീയമായ സംതൃപ്തി നല്കൂവെന്നും ഇടയലേഖനം നിര്‍ദേശിയ്ക്കുന്നു.












Click it and Unblock the Notifications