മാറാട് : സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മാറാട്ടേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി.
രാജ്യത്ത് നിയവാഴ്ച നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണ്. വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവാത്ത സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരാണ്. മാറാട് പുനരധിവാസ പ്രശ്നത്തില്‍ സര്‍ക്കാരിന് നിസ്സഹായത പ്രകടിപ്പിക്കാനാവില്ല.
മാറാട് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിന്മേല്‍ വിധി പറയവെയാണ് ജസ്റിസുമാരായ സിറിയക് ജോസഫും എ. കെ. ബഷീറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.
ഹര്‍ജികള്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി നല്‍കിയിട്ടുള്ളവര്‍ പൊലീസ് സംരക്ഷണത്തിനായി പൊലീസിനെയും ജില്ലാ കളക്ടറെയും സമീപിച്ചാല്‍ മതിയായ നടപടികളുണ്ടാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മാറാട് ഇപ്പോഴുള്ള സ്ഥിതി വിലയിരുത്താന്‍ കോടതിക്കാവില്ല. അത് സര്‍ക്കാരിനും ഡി ജി പിക്കും ജില്ലാ കളക്ടര്‍ക്കുമേ കഴിയൂ.
വ്യക്തികളുടെയോ സംഘടനകളുടെയോ ഭീഷണിക്ക് വഴങ്ങാതെ ക്രമസമാധാനം നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications