പാക്പൗരനെ പാകിസ്ഥാന്‍ സ്വീകരിച്ചില്ല
വടകര: പാക് പൗരത്വമുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നാടുകടത്താന്‍ ശ്രമിച്ച മലയാളിയെ പാകിസ്ഥാന്‍ സ്വീകരിച്ചില്ല. നാടുകടത്താനായി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയ ഇബ്രാഹിമിനെ പാകിസ്ഥാന്‍ തിരസ്കരിക്കുകയായിരുന്നു.
ഇതോടെ ഇബ്രാഹിമിനെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളത്തിലേക്ക് മടക്കി അയയ്ക്കും. ഇബ്രാഹിമിനെ പൊലീസ് ആഗസ്ത് രണ്ട് ശനിയാഴ്ച ദില്ലിയില്‍ നിന്ന് വടകരയിലേക്ക് കൊണ്ടുവരുമെന്നറിയുന്നു. പാക് പൗരത്വവുമായി ബന്ധപ്പെട്ട് വേണ്ടത്ര രേഖകളില്ലാത്തതിനാലാണ് പാകിസ്ഥാന്‍ ഇബ്രാഹിമിന് പ്രവേശനം നിഷേധിച്ചത്.
ജൂലൈ 27 നാണ് പള്ളിക്കാട് ചെല്ലിക്കളത്തില്‍ ഇബ്രാഹിമിനെ (55) വടകര പൊലീസ് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. പാകിസ്ഥാനിലേക്ക് നാടുകടത്താനായിരുന്നു പരിപാടി. അതിര്‍ത്തിയിലേക്ക് കൊണ്ടുപോവും മുന്‍പ് രണ്ടു മാസമായി വടകരയില്‍ തടവിലായിരുന്നു ഇബ്രാഹിം.അമൃത്സറിലെ അട്ടാരിയില്‍ നിന്നാണ് ഇബ്രാഹിമിനെ പാകിസ്ഥാനിലേക്ക് കടത്തിവിടാന്‍ ഉദ്ദേശിച്ചിരുന്നത്.
പാക് പൗരത്വം തെളിയിക്കപ്പെടാതെ മടക്കിയ ഇയാളെ വടകര സബ്ജയിലിലേക്ക് തന്നെയാണ് കൊണ്ടുവരുന്നത്. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ഹൈക്കോടതിയിലുള്ള കേസിലെ വിധി വരുംവരെ പൊലീസ് സംരക്ഷണത്തില്‍ തുടരും.












Click it and Unblock the Notifications