വിമാനയാത്രാനിരക്ക് കൂടുന്നു
നെടുമ്പാശേരി: വിമാനക്കമ്പനികള്‍ ഗള്‍ഫ്മേഖലയിലേക്കുള്ള യാത്രാനിരക്കുകള്‍ആഗസ്ത് ഒന്ന് മുതല്‍ കൂട്ടുന്നു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, സില്‍ക് എയര്‍ എന്നിവയൊഴിച്ചുള്ള എല്ലാ വിമാനക്കമ്പനികളും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ആഗസ്ത് 15 മുതലായിരിക്കും ഈ നിരക്ക് വര്‍ധന.
ആഗസ്ത് 20 മുതല്‍ നിലവില്‍ വരുന്ന എയറിന്ത്യാ നിരക്കുകള്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരിക്കും. കേരളത്തില്‍ നിന്ന് ഗള്‍ഫ് മലയാളികള്‍ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന സമയമാണിത്. കുവൈത്ത് എയര്‍വേയ്സ് ഇപ്പോഴേ നിരക്ക് വര്‍ധന നടപ്പാക്കിക്കഴിഞ്ഞു.
കുടുംബമായി ഗള്‍ഫിലും മറ്റും താമസിക്കുന്നവര്‍ നേരത്തെ ടിക്കറ്റ് ബുക്കുചെയ്യുമെന്നതിനാല്‍ നിരക്ക് വര്‍ധന ഇവരെ ബാധിക്കില്ല. ട്രാവല്‍ ഏജന്‍സികള്‍ക്ക് അയാട്ട സാധാരണ 35 ശതമാനം വരെ കമ്മിഷന്‍ നല്കാറുണ്ട്. എന്നാല്‍ തിരക്കുള്ള സമയങ്ങളില്‍ ഈ ഏജന്‍സി കമ്മിഷന്‍ ഏഴ് ശതമാനമായി കുറച്ചതാണ് ടിക്കറ്റ് നിരക്കില്‍ ഇത്രയും വിലവര്‍ധന ഉണ്ടാകാന്‍ കാരണം.
ആഗസ്ത് 20 മുതല്‍ നെടുമ്പാശേരിയില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയറിന്ത്യാ നിരക്ക് : അബുദാബി, ഷാര്‍ജ, ദുബായ്, അലൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് 18,825രൂപ. നേരത്തെ ഇത് 11,970 രൂപ മാത്രമായിരുന്നു.
മസ്കറ്റിലേക്ക് പുതിയ നിരക്ക് 17,975. നേരത്തെ ഇത് 10,105 രൂപയായിരുന്നു. കുവൈത്തിലേക്ക് പുതിയ നിരക്ക് 16,515. നേരത്തെ ഇത് 14,105 മാത്രമായിരുന്നു. ബഹറൈന്‍, ദോഹ എന്നിവിടങ്ങളിലേക്കുള്ള പുതിയ നിരക്ക് 16,100. നേരത്തെ ഇത് 13,420 രൂപ മാത്രം. ദമാം, റിയാദ് എന്നിവിടങ്ങളിലേക്ക് പുതിയ നിരക്ക് 15,285 രൂപ. നേരത്തെ ഇത് 12,980. ജിദ്ദയിലേക്ക് പുതിയ നിരക്ക് 32,685 രൂപ. പഴയ നിരക്ക് 21,685മാത്രം.












Click it and Unblock the Notifications