സമ്മര്‍ദമുണ്ടായാല്‍ രാജിവയ്ക്കും: വാജ്പേയി
ദില്ലി: അയോധ്യാ പ്രശ്നത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടേണ്ടിവന്നാല്‍ താന്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്ന് എ. ബി. വാജ്പേയി.
അയോധ്യാ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. യാതൊരു സമ്മര്‍ദവും ഇക്കാര്യത്തില്‍ സര്‍ക്കാരിനില്ല- ആഗസ്ത് നാല് തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച തന്റെ പ്രസ്താവനയെ ചൊല്ലി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നായിരുന്നു വാജ്പേയിയുടെ ഈ വിശദീകരണം.
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് വാജ്പേയി ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യയില്‍ രാമചന്ദ്ര പരമഹംസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് താന്‍ പറഞ്ഞത് പ്രതിപക്ഷം പൂര്‍ണമായും പരിശോധിച്ചിട്ടില്ല. രാമക്ഷേത്രം പണിയണമെന്ന പരമഹംസിന്റെ ആഗ്രഹം സഫലീകരിക്കണമെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. എവിടെ ക്ഷേത്രം പണിയണമെന്നോ ആരു പണിയുമെന്നോ പറഞ്ഞിട്ടില്ല. അയോധ്യാ പ്രശ്നം പരിഹരിക്കാന്‍ അഭിപ്രായ സമന്വയത്തിന്റെയോ കോടതി വിധിയുടെയോ രണ്ട് മാര്‍ഗങ്ങളുണ്ടെന്ന അഭിപ്രായം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്.
പരമഹംസിന്റെ ശവസംസ്കാര ചടങ്ങ് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അവസരമായി പ്രധാനമന്ത്രി ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. തന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി പശ്ചാത്താപം പ്രകടിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications