തേയിലത്തോട്ടങ്ങളില്‍ ചുവന്ന എട്ടുകാലി
കൊച്ചി: വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങള്‍ക്ക് പുതിയ വില്ലനായി ചുവന്ന എട്ടുകാലി. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ വിഷമിയ്ക്കുകയാണ് തേയിലത്തോട്ടം ഉടമകള്‍.
ഇവയ്ക്കെതിരെ ഉപയോഗിക്കേണ്ട കീടനാശിനി വിദേശത്തേ ഉള്ളൂ. ഇതിന് വിലയും കൂടുതലാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ തോട്ടങ്ങള്‍ സാമ്പത്തികമായി തകര്‍ച്ച നേരിടുന്നതിനാല്‍ ഈ കീടനാശിനി ഇറക്കുമതി ചെയ്ത് ഉപയോഗിയ്ക്കുക താങ്ങാനാവില്ലെന്ന് കേരള പ്ലാന്റേഷഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എ.ഇ. ജോസഫ് പറയുന്നു.
അതേ സമയം ചുവന്ന എട്ടുകാലികളെ ചെറുത്തില്ലെങ്കില്‍ ഇവ തോട്ടങ്ങള്‍ക്ക് വന്‍ നാശം വരുത്തിവയ്ക്കും. ചുവന്ന എട്ടുകാലികളെ നിയന്ത്രിക്കാനുള്ള ചില നീക്കങ്ങള്‍ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി)യുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഉപാസിയുടെ കീഴിലുള്ള തേയിലത്തോട്ടങ്ങളില്‍ കീടനാശിനി തളിച്ചു തുടങ്ങി. ഒമൈറ്റ് എന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ഇത് തളിയ്ക്കാന്‍ ഒരു ഹെക്ടറിന് ഏകദേശം 400 മുതല്‍ 500 രൂപ വരെയാണ് ചെലവ്.
അതേ സമയം ചുവന്ന എട്ടുകാലികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇതിനായി കൃഷിവകുപ്പിനെ സമീപിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ലെന്ന് കേരള പ്ലാന്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എ.ഇ. ജോസഫ് പറയുന്നു.
ഇപ്പോള്‍ കേരളത്തില്‍ ഒരു ഡസനോളം തേയിലത്തോട്ടങ്ങളേ സജീവമായി പ്രവര്‍ത്തിയ്ക്കുന്നുള്ളൂ. ആകെയുണ്ടായിരുന്ന 38 എസ്റേറ്റുകളില്‍ 24 എണ്ണം പൂട്ടി. ബാക്കിയുള്ള 14 തേയിലത്തോട്ടങ്ങളില്‍ നാലെണ്ണത്തില്‍ ചുവന്ന എട്ടുകാലി ശല്യം വ്യാപകമാണ്. ഇതുമൂലം 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഉല്പാദനത്തില്‍ കുറവുണ്ടാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications