വെള്ളമൂറ്റാന്‍ നീക്കം; അധികൃതര്‍ക്ക് അനാസ്ഥ
തിരുവനന്തപുരം: കേരളത്തിലെ നദികളില്‍ നിന്ന് വെള്ളം ചോര്‍ത്താനുള്ള തമിഴ്നാടിന്റെ നീക്കത്തോട് അധികൃതര്‍ കണ്ണടക്കുന്നതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു.
പൂര്‍ണമായും കേരളത്തിന്റേതു മാത്രമായ അച്ചന്‍കോവില്‍, പമ്പ നദികളിലെ വെള്ളം ചോര്‍ത്താനാണ് തമിഴ്നാടിന്റെ നീക്കം. ഈ നദികളെ വൈപ്പാര്‍ നദിയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സംയുക്ത പഠനത്തിന് ജലസേചന വകുപ്പ് സമ്മതിച്ചത്.
സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി കേരളത്തിന്റേതു മാത്രമായ നദികളെ അന്യസംസ്ഥാനങ്ങളിലെ നദികളുമായി ബന്ധിപ്പിക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് അധികൃതര്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സത്യം മറ്റൊന്നാണ്. പമ്പ-അച്ചന്‍കോവില്‍ നദികളെ വൈപ്പാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റാന്നി റിസര്‍വ് വനമേഖലയില്‍ ദേശീയ ജലവികസന ഏജന്‍സി പഠനം നടത്തിയത് കേരളത്തിന്റെ അനുവാദത്തോടെയാണ്. 1990മുതല്‍ 95 വരെയായിരുന്നു പഠനം.
കേരളത്തിന്റെ അനാസ്ഥ ചൂഷണം ചെയ്ത് തമിഴ്നാട് വെള്ളം ചോര്‍ത്തുന്നതിന്റെ തുടര്‍ച്ചയായാണ് പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളത്തില്‍ അവര്‍ കണ്ണുനട്ടിരിക്കുന്നത്. നദികളെ ബന്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന അധികൃതര്‍ തന്നെയാണ് ഇതുസംബന്ധിച്ച പഠനം നടത്താന്‍ അനുവദിച്ചതും.












Click it and Unblock the Notifications