ഐ ഗ്രൂപ്പ് അവിശ്വാസത്തിന്
തിരുവനന്തപുരം: അവിശ്വാസപ്രമേയത്തിലൂടെ ആന്റണി സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കത്തിന് ഐ ഗ്രൂപ്പ് ഒരുങ്ങുന്നു. ഈ നടപ്പുനിയമസഭാ സമ്മേളനത്തില്‍ത്തന്നെ ഇതിനുള്ള നീക്കങ്ങള്‍ നടത്താനാണ് ശ്രമം.
കഴിഞ്ഞ ദിവസം കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തിലാണ് ഈ തീരുമാനമെന്നറിയുന്നു. യോഗത്തില്‍ ഡപ്യൂട്ടി സ്പീക്കറായ സുന്ദരന്‍നാടാരും പങ്കെടുത്തു.
ഗ്രൂപ്പിന്റെ കടുത്ത നടപടികളോട് എതിര്‍പ്പുള്ള പി.ജെ. ജോയി എംഎല്‍എയും യോഗത്തിനെത്തി. ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും വല്ല നടപടികളുമുണ്ടാകുന്നുണ്ടോയെന്ന് ഒരാഴ്ചകൂടി മാത്രമേ കാത്തിരിയ്ക്കൂ. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രസ്താവനയുടെ പേരിലുണ്ടായിരുന്ന പിണക്കമൊക്കെ ലീഗ് മറന്നുവെന്നത് വെറും പ്രചാരണം മാത്രമാണെന്ന് കരുണാകരന്‍ യോഗത്തെ ധരിപ്പിച്ചതായി അറിയുന്നു.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ആഗസ്ത് എട്ടിന് പിണക്കം പറഞ്ഞുതീര്‍ക്കാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗം കൂടി കഴിയുന്നതുവരെ കാത്തിരിയ്ക്കാമെന്നും കരുണാകര പക്ഷം കരുതുന്നു. ദില്ലിയില്‍ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി മടങ്ങിവന്ന പി.പി. തങ്കച്ചന്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചു. പി.പി. ജോര്‍ജ്ജും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications