മേക്കര ഡാമിലേക്ക് സഭാസമിതിയെ വിടരുതെന്ന് തമിഴ്നാട്
തെന്മല: മേക്കര അടവിനൈനാര്‍കോവില്‍ അണക്കെട്ടിലേക്ക് കേരള നിയമസഭാ സമിതിയടക്കം മലയാളികളെ ആരെയും കടത്തിവിടരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കി.
2002 മാര്‍ച്ചില്‍ പണി പൂര്‍ത്തിയായ അണക്കെട്ടിന്റെ ഭൂരിഭാഗവും മാസങ്ങള്‍ക്കുള്ളില്‍ നിറഞ്ഞതിന്റെ രഹസ്യം പുറത്താകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്നു പറയുന്നു.
ഡാമിലേക്കുള്ള ചെക്ക്പോസ്റില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു പടതന്നെ ഇവിടെ തമ്പടിച്ചിട്ടുണ്ട്.
തമിഴ്നാട് ജലസേചന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഒ. പനീര്‍ ശെല്‍വമാണ് നിയമസഭാ സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ ആരെയും മേക്കരഡാമിലേക്ക് കടത്തേണ്ടെന്ന് നിര്‍ദ്ദേശം. ഡാമിന്റെ ചിത്രം എടുക്കുന്നതിനും കര്‍ശനവിലക്കുണ്ട്. തമിഴ്നാട് മേക്കര അണക്കെട്ടിലേക്ക് വെള്ളം ചോര്‍ത്തുന്നുണ്ടോ എന്നറിയാന്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി സ്ഥലം സന്ദര്‍ശിക്കുമെന്ന് കഴിഞ്ഞ ജൂലൈ 25ന് മന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചിരുന്നു.
പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ ഇതു സംബന്ധിച്ചുള്ള സബ്മിഷനിലാണ് മന്ത്രി ഈ മറുപടി നല്‍കിയത്. അതനുസരിച്ച് മിക്കവാറും ആഗസ്തില്‍ തന്നെ കേരള നിയമസഭാസമിതി മേക്കര ഡാം സന്ദര്‍ശിക്കാനിരിക്കെയാണ് തമിഴ്നാടിന്റെ കര്‍ശനവിലക്ക് വന്നിരിക്കുന്നത്.












Click it and Unblock the Notifications