വിദ്യാര്‍ഥിനികള്‍ മന്ത്രി ഹസനെ തടഞ്ഞു
തിരുവനന്തപുരം: ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ സ്വരാഞ്ജലിയുടെ സ്നേഹ സംഗീത സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം. ഹസനെ വിദ്യാര്‍ഥിനികള്‍ തടഞ്ഞു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
രാവിലെ പതിനൊന്നോടെ എത്തിയ മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. കോളജ് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ കരിങ്കൊടി ഉയര്‍ത്തി മന്ത്രി ഗോബാക്ക് എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തെ വളഞ്ഞത്. ബഹളം അവസാനിപ്പിയ്ക്കാന്‍ മന്ത്രി നടത്തിയ ശ്രമം ഫലിച്ചില്ല. മുദ്രാവാക്യങ്ങള്‍ വിളിച്ച് കുട്ടികള്‍ ബഹളം വച്ചു.
ചടങ്ങില്‍ പങ്കെടുക്കാനായി സ്വതന്ത്യ്ര സമര സേനാനി കെ. ഇ. മാമനും എത്തിയിരുന്നു. അദ്ദേഹവും കുട്ടികളെ അടക്കാനായി ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. വേണ്ടത്ര പൊലീസ് ഉണ്ടായിരുന്നില്ല. അരമണിയ്ക്കൂറോളം കഴിഞ്ഞ് കൂടുതല്‍ പൊലീസ് എത്തി. പക്ഷേ അവര്‍ പുരുഷ പൊലീസായിരുന്നു. അതുകൊണ്ട് ഒന്നും ചെയ്യാനായില്ല. മന്ത്രി പെണ്‍കുട്ടികളുടെ വലയത്തിലായിരുന്നു.
കുറച്ച് കഴിഞ്ഞ് പ്രസംഗം തീര്‍ത്തെന്ന് വരുത്തി മന്ത്രി കാറില്‍ കോളെജില്‍ നിന്ന് രക്ഷപ്പെട്ടു. കാറിനെ പിന്തുടര്‍ന്നും കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു.
സ്വാശ്രയ കോളെജുകളെ നിയന്ത്രിയ്ക്കാന്‍ നിയമം കൊണ്ടുവരുക, സെക്രട്ടേറിയറ്റിനുമുന്നില്‍ ഈ ആവശ്യത്തിനായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സമരം ഒത്തു തീര്‍പ്പാക്കുക എന്നിവയായിരുന്നു പെണ്‍കുട്ടികള്‍ മുദ്രാവാക്യത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍.
പ്രധാന കവാടം വരെ എത്തിച്ചിട്ടേ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോയുള്ളൂ. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക, സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നിയമംകൊണ്ടുവരിക, സെക്രട്ടേറിയറ്റിനു മുന്നില്‍ ഈയാവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ഥിനികള്‍ മുഴക്കിയത്.


Click it and Unblock the Notifications