കാണാതായ പെണ്‍കുട്ടി ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: പാലക്കാട് ജില്ലയിലെ വണ്ടാഴി നെല്ലിക്കോട് നിന്ന് 10 ദിവസം മുമ്പ് കാണാതായ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളെ ബാംഗ്ലൂരില്‍ കണ്ടെത്തി.
എന്നാല്‍ പെണ്‍കുട്ടി ബാംഗ്ലൂരില്‍ എത്തിയതെങ്ങിനെയെന്ന് ഇനിയും അറിവായിട്ടില്ല. ഈ പെണ്‍കുട്ടിയുടെ കൂടെ പാലക്കാട് നിന്നും വന്ന ഒരു യുവാവിനെയും മറ്റൊരു പെണ്‍കുട്ടിയെയും കുറിച്ച് വിവരമൊന്നുമില്ല.
പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത് പെണ്‍വാണിഭസംഘത്തിന്റെ വലയില്‍ കുരുങ്ങിയാണോ എന്ന് അന്വേഷിയ്ക്കുന്നതായി പൊലീസ് പറഞ്ഞു. ബാംഗ്ലൂരില്‍ ശിവാജി നഗറിലെ ഒരു കോണ്‍വെന്റിലാണ് പെണ്‍കുട്ടി എത്തിച്ചേര്‍ന്നത്. പിന്നീട് പൊലീസാണ് അവിടെ നിന്ന് അവരെ റസ്ക്യൂ ഹോമിലേക്ക് മാറ്റിയത്.
ജൂലൈ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. തയ്യല്‍ ക്ലാസിനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. കന്യാകുമാരി- ബാംഗ്ലൂര്‍ എക്സ്പ്രസില്‍ നാടുവിട്ട പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ ഇറങ്ങിയ ഉടന്‍ ഒരാള്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയെന്നും പറയുന്നു.
ഭക്ഷണം കഴിയ്ക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ ഓട്ടോറിക്ഷയിലാണ് ശിവാജി നഗറിലെ കോണ്‍വെന്റിലെത്തിയതെന്ന് പിന്നീട് പെണ്‍കുട്ടി മാറ്റിപ്പറഞ്ഞു. മൊഴികളിലെ വൈരുദ്ധ്യം കാരണം പെണ്‍കുട്ടിയെ പൊലീസ് കൂടുതലായി ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടയില്‍ നാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും ബന്ധുക്കളും കേരള പൊലീസും ആഗസ്ത് ഏഴ് വ്യാഴാഴ്ച ബാംഗ്ലൂരില്‍ എത്തും.












Click it and Unblock the Notifications