പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത പ്രശ്നത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് അടിയന്തരപ്രമേയം സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ കല്ലും പെട്രോള്‍ ബോംബും വലിച്ചെറിഞ്ഞപ്പോഴാണ് പൊലീസ് അക്രമാസക്തരായതെന്ന് മുഖ്യമന്ത്രി ആന്റണി സഭയില്‍ വിശദീകരിച്ചു.
ഇടതുപക്ഷം ഈ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ഏത് മാര്‍ഗ്ഗങ്ങളും സ്വീകരിയ്ക്കുകയാണെന്നും അക്രമത്തിന് മുതിര്‍ന്നാല്‍ ശക്തമായി അടിച്ചമര്‍ത്തുമെന്നും ആന്റണി മറുപടി നല്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ലാത്തിയടിയില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പൊലീസുകാരില്‍ നിന്നും മോചിപ്പിച്ച് എംഎല്‍എമാരുടെ വണ്ടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോയ സംഭവത്തേയും ആന്റണി വിമര്‍ശിച്ചു.
ഇതില്‍ പ്രതിഷേധിച്ചാണ് വിഎസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ തടവറയിലാണ് ഈ സര്‍ക്കാരെന്നും ഇത് വിലപ്പോകില്ലെന്നും പിന്നീട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിശദീകരിച്ചു. തല്ലുകൊണ്ടുകിടക്കുന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ വാഹനമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. അതിനെ തുടര്‍ന്നാണ് തല്ലുകൊണ്ട് അവശനായ വിദ്യാര്‍ത്ഥിയെ നിയമസഭയില്‍ കൊണ്ടുപോയതെന്നും വിഎസ് വിശദീകരിച്ചു.












Click it and Unblock the Notifications