പെപ്സി സാമ്പിളുകള്‍ പരിശോധിയ്ക്കണം: കോടതി
ദില്ലി: പെപ്സി കോളയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിശോധനയുടെ ഫലം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിയ്ക്കുകയും വേണം.
പെപ്സികൊ ഇന്ത്യ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സി എസ് ഇ) എന്ന സംഘടനയ്ക്ക് എതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഈ ഇടക്കാല വിധി പുറപ്പെടുവിച്ചത്.
ഇന്ത്യയില്‍ വില്‍ക്കുന്ന കോളകളില്‍ കീടനാശിനിയുടെ അംശം അംഗീകൃത അളവില്‍ കൂടുതല്‍ ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച സി എസ് സി ആരോപിച്ചിരുന്നു.
പെപ്സി പാനീയം കുപ്പിയിലടയ്ക്കുന്ന വ്യവസായം നടത്തുന്ന പേള്‍ ഡ്രിംങ്ക്സ് എന്ന സ്ഥാപനം സി എസ് ഇ യുടെ റിപ്പോര്‍ട്ട് ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സി എസ് ഇ എന്ന സംഘടനയുടെ പരീക്ഷണ ശാലയ്ക്ക് അക്രഡിറ്റേഷന്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ സംഘടനയുടെ റിപ്പോര്‍ട്ട് ദുരൂഹമാണെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഈ വ്യാജ റിപ്പോര്‍ട്ടിന്റെ സാധുത പരിശോധിയ്ക്കാന്‍ മുതിരുന്നതിന് മുമ്പേ സര്‍ക്കാര്‍ പലസ്ഥലങ്ങളിലും പെപ്സി ഉല്പന്നങ്ങള്‍ നിരോധിച്ചത് ശരിയായില്ലെന്നും കമ്പനി പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications