ഓണവിപണിയില്‍ ടിവി കമ്പനികളുടെ മത്സരം
കൊച്ചി: ഓണമടുത്തതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മോഹന വാഗ്ദാനങ്ങളുമായി ടി വി കമ്പനികള്‍ വിപണിയില്‍ മത്സരം തുടങ്ങി. ആകര്‍ഷകമായ ഓഫറുകളും പുതിയ മോഡലുകളുമായാണ് ടി വി കമ്പനികള്‍ ഓണം വിപണിയിലെത്തുന്നത്.
ഓണക്കാല വില്പനയുടെ ഭാഗമായ സോണിയുടെ സൂപ്പര്‍ സദ്യ ആഗസ്ത് 15ന് ആരംഭിക്കും. സപ്തംബര്‍ 10 വരെയാണ് സോണിയുടെ സൂപ്പര്‍ സദ്യ. കൂടുതല്‍ വര്‍ഷത്തെ ഗ്യാരന്റിയും സമ്മാനങ്ങളും സൗജന്യ സര്‍വീസും പ്രത്യേക കിഴിവുകളുമായാണ് സോണി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്.
പുതിയ നാല് മോഡലുകളാണ് ബി പി എല്‍ ഓണക്കാലത്ത് പരിചയപ്പെടുത്തുന്നത്. മാട്രിക്സ് 21 മോഡല്‍ ഫ്ലാറ്റ് ടിവി വാങ്ങുമ്പോള്‍ വി സി ഡി പ്ലേയറോ എം പി ത്രി പ്ലേയറോ സൗജന്യമായി ലഭിക്കും. പഴയ ടെലിവിഷന്‍ സെറ്റുകള്‍ കൊടുത്ത് മാട്രിക്സ് 21 മോഡല്‍ ഫ്ലാറ്റ് ടി വി വാങ്ങാവുന്ന ഓഫറുമുണ്ട്. ടിവികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഗ്യാരന്റി കൂടുതലായി നല്‍കുന്നു.
ഓണക്കാലത്ത് 20 കോടിയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ബി പി എല്ലിന്റെ ദക്ഷിണേന്ത്യയിലെ റീജിയണല്‍ മാനേജര്‍ രാധാകൃഷ്ണ കിരന്‍ ചിന്ത വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ബി പി എല്ലിന്റെ ബ്രാന്റ് അംബാസിഡറായ നടന്‍ മോഹന്‍ലാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എല്‍ ജിയും ഓണക്കാലത്ത് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ടി വിയിലും വാഷിംഗ് മെഷീനിലുമാണ് പുതിയ മോഡലുകള്‍. 65 കോടിയുടെ വില്പനയാണ് ഓണക്കാലത്ത് പ്രതീക്ഷിക്കുന്നതെന്ന് എല്‍ ജി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ തലവന്‍ സി. എം. സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടീ ഷര്‍ട്ടുകളും ഒരു ഗ്രാം സ്വര്‍ണനാണയവും ക്യാമറയും ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി എല്‍ ജി നല്‍കുന്നു. പുതിയ നാല് ടി വി മോഡലുകളും മൂന്ന് വാഷിംഗ് മെഷീന്‍ മോഡലുകളുമാണ് എല്‍ ജി വിപണിയിലെത്തിക്കുന്നത്.












Click it and Unblock the Notifications