കൊക്കകോള: ഇടപെടില്ലന്ന് കോടതി
ദില്ലി: കൊക്ക കോള കമ്പനി സുപ്രീം കോടതിയില്‍ നല്‍കിയ കേസ് കമ്പനി തന്നെ പിന്‍വലിച്ചു. ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കമ്പനി കേസ് പിന്‍വലിച്ചത്.
കോളയില്‍ വിഷാംശമുണ്ടെന്ന കേന്ദ്രശാസ്ത്ര പരിസ്ഥിതി പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കൊക്കൊകോള സുപ്രിംകോടതിയെ സമീപിച്ചത്.
നേരത്തേ പെപ്സി കോള കമ്പനി ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന സ്ഥാപനത്തിന്റെ കണ്ടെത്തല്‍ കൊണ്ട് പരാതി നല്‍കിയ ഹിന്ദുസ്ഥാന്‍ കൊക്ക കോള എന്ന കമ്പനിയുടെ ഏത് അവകാശങ്ങളാണ് ലംഘിയ്ക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. ചില കമ്പനികള്‍ ഹൈകോടതിയിലും മറ്റ് ചില കമ്പനികള്‍ സുപ്രീം കോടതിയിലും കേസ് നല്‍കിയതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു.
കേസ് പിന്‍വലിയ്ക്കുന്നതിന് മുമ്പ് കൊക്ക കോളയുടെ വക്കീലായ കപില്‍ സിബില്‍ കേസ് പൊതു താല്പര്യ ഹര്‍ജി ആയി പരിഗണിയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പരിഗണിച്ച് ഇത് കോടതി ചെയ്യണമെന്നായിരുന്നു വക്കീലിന്റെ ആവശ്യം. പക്ഷേ കോടതി ആ ആവശ്യം പരിഗണിയ്ക്കാന്‍ പോലും കൂട്ടാക്കിയില്ല. പഞ്ചാബിലും ഹരിയാനയിലും കോളകള്‍ നിരോധിയ്ക്കുകയാണെന്നും കമ്പനിയുടെ വക്കീല്‍ പരാതിപ്പെട്ടു. എന്നാല്‍ ഇതിനും കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമാണ് കമ്പനിയ്ക്ക് നേരിടേണ്ടി വന്നത്.
ആരെങ്കിലും കോള കുടിയ്ക്കെണ്ടെന്ന് തീരുമാനിച്ചാല്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം കമ്പനിയ്ക്ക് ഉണ്ടോയെന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം. നിങ്ങള്‍ പറയുന്ന നിങ്ങളുടെ അവകാശം നടപ്പാക്കി കിട്ടാന്‍ ഏത് ഏജന്‍സിയുടെ അടുത്തേയ്ക്കും പൊയ്ക്കോളൂ.. പക്ഷേ ഈ കോടതിയ്ക്ക് ഇത് സ്വീകരിയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി കര്‍ക്കശമായി വ്യക്തമാക്കി. തുടര്‍ന്നാണ് കമ്പനി കേസ് പിന്‍വലിച്ചത്.
ജസ്റിസ് എസ്.രാജേന്ദ്ര ബാബു, എ. ആര്‍. ലക്ഷ്മണന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കൊക്ക കോളയെ വിഷമിപ്പിച്ച് കൊണ്ട് ഈ വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications