കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റം കൂടിയേ തീരൂ: ഐ വിഭാഗം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇതുവരെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് വച്ച് മിണ്ടാതിരിയ്ക്കാന്‍ ഐ വിഭാഗം തയ്യാറല്ല. മുഖ്യമന്ത്രി എ. കെ. ആന്റണിയെ മാറ്റിയേ അടങ്ങൂ എന്ന് തന്നെയാണ് ഐ വിഭാഗത്തിന്റെ നിലപാട്.

ആഗസ്റ് 13 ബുധനാഴ്ച കരുണാകരന്റെ വീട്ടില്‍ ഐ വിഭാഗം നേതാക്കന്മാര്‍ യോഗം ചേര്‍ന്ന് ഇതിന് വിവിധ പരിപാടികള്‍ നിശ്ചയിച്ചു. എല്ലാ ജില്ലകളിലും വിപുലമായ ഗ്രൂപ്പ് യോഗങ്ങള്‍ നടത്താനാണ് ആദ്യ പരിപാടി. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ റാലി സംഘടിപ്പിച്ച് പരസ്യമായ പോരാട്ടത്തിനിറങ്ങാനും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.

ഈ നിയമസഭാ സമ്മേളനം കഴിഞ്ഞാലും കടുത്ത തീരുമാനങ്ങളുണ്ടാവും. അതിനായി ഗ്രൂപ്പ് എം.എല്‍.എ.മാര്‍ ഉടന്‍ തലസ്ഥാനത്ത് എത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കെ. കരുണാകരന്റെ വീട്ടില്‍ ആദ്യം ഗ്രൂപ്പ് എം.എല്‍.എ.മാരുടെ യോഗമാണ് ചേര്‍ന്നത്. തുടര്‍ന്ന് ഗ്രൂപ്പില്‍പ്പെട്ട കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. ഭാരവാഹികളുടെയും യോഗമായിരുന്നു. ഇതില്‍ മന്ത്രിമാരായ പി. ശങ്കരനും കടവൂര്‍ ശിവദാസനും സംബന്ധിച്ചു.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കഴിഞ്ഞ തവണ ജില്ലാതലത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കാനുള്ള തീരുമാനം അവസാനഘട്ടത്തില്‍ ഗ്രൂപ്പ് നേതൃത്വം ഉപേക്ഷിച്ചത്. അത്തരമൊരു സമീപനം ഇനി ആവശ്യമില്ലെന്ന് യോഗത്തില്‍ ചിലര്‍ പറഞ്ഞു. എ വിഭാഗം എല്ലാ കേന്ദ്രങ്ങളിലും നിശാ യോഗങ്ങള്‍ എന്ന പേരില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്നുണ്ട്.

കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം അനുകൂലമല്ലാത്ത സമീപനം എടുക്കുന്നതുകൊണ്ടും എ വിഭാഗം ഗ്രൂപ്പ് യോഗം നടത്തുന്നതുകൊണ്ടും ഐ വിഭാഗം ഇത്തരം നീക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് യോഗത്തിനെത്തിയവര്‍ അഭിപ്രായപ്പെട്ടത്. ഫാക്സ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടികള്‍ ഗ്രൂപ്പിനെ ഒരു തരത്തിലും സഹായിക്കുന്ന രീതിയിലായിരുന്നില്ലെന്ന് പി.പി. ജോര്‍ജ് പറഞ്ഞു. ഗ്രൂപ്പിന് നീതി കിട്ടാത്ത അവസ്ഥ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന്റെ നീക്കങ്ങള്‍ ലക്ഷ്യങ്ങളിലെത്താനുള്ള നടപടികളാണ് ഇനി വേണ്ടതെന്ന് പി.പി. തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. ഒരു പായ്ക്കേജിന്റെ ഭാഗമായാണ് ആന്റണി മുഖ്യമന്ത്രിയും ഐ വിഭാഗത്തിന്റെ പ്രതിനിധി ആയി മുരളീധരന്‍ കെ. പി. സി. സി പ്രസിഡണ്ടും ആയത്. ആന്റണിയെ മാറ്റിയാല്‍ കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനം ഉപേക്ഷിയ്ക്കാന്‍ ഐ വിഭാഗം തയ്യാറാണെന്നും ഐ വിഭാഗക്കാര്‍ പറയുന്നുണ്ട്.

16 മുതല്‍ 25 വരെ ജില്ലാതലത്തില്‍ ഗ്രൂപ്പ് നേതൃയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അതിന് പിന്നാലെ വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. സപ്തംബര്‍ അവസാനം സംസ്ഥാനതലത്തിലുള്ള റാലി നടത്തും.

ഐ ഗ്രൂപ്പ് നിര്‍ണായകമായ ചില നീക്കങ്ങളിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.പി.സി.സി. പ്രസിഡണ്ട് കെ. മുരളീധരന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജര്‍മനി യാത്ര വേണ്ടെന്നുവച്ചതെന്ന ധാരണ പരന്നിട്ടുണ്ട്.എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് യാത്ര മാറ്റിവച്ചതെന്ന് കെ.പി.സി.സി. കേന്ദ്രങ്ങള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X