ബോംബ് നാടകം: ഗൂഢാലോചന വെളിവായി
കൊച്ചി: എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസില്‍ ബോംബ് കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
കൊച്ചിയിലെ പ്രമുഖ വ്യവസായിയായ കിറ്റക്സ് കമ്പനി ഉടമ എം. സി. ജേക്കബിനെ ആറ് വര്‍ഷം മുമ്പ് കൊല ചെയ്യാന്‍ ശ്രമിച്ച കേസിലെ സാക്ഷികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബസില്‍ ബോംബ് വച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസില്‍ കസ്റഡിയിലായ പെരുമ്പാവൂര്‍ വെങ്ങോല തൈക്കാവ് കീടേത്ത് കരീം (30), അനിയന്‍ സുബൈര്‍ (25), അയല്‍വാസി അബാസ് (30), സലിം, ജബാര്‍ എന്നിവര്‍ എം. സി. ജേക്കബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്.
ബോംബുണ്ടായിരുന്ന സഞ്ചിയിലെ കത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ചാണ് അഞ്ച് പേരെ പൊലീസ് കസ്റഡിയിലെടുത്തത്. കരീമിന്റെ മോട്ടോര്‍ ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കത്തിലെഴുതിയിരുന്നു. കരീമിനെയും കൂട്ടരെയും കുടുക്കാന്‍ വേണ്ടിയാണ് യഥാര്‍ഥ പ്രതികള്‍ കത്തില്‍ ഇങ്ങനെ എഴുതിയതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
എം. സി. ജേക്കബിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്. കേസിലെ സാക്ഷികളുടെ വിസ്താരം അടുത്തുതന്നെയുണ്ടാവും. സാക്ഷികളെ കള്ളക്കേസില്‍ കുടുക്കിയാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാമെന്ന് കരുതിയാണ് യഥാര്‍ഥ പ്രതികള്‍ ബോംബ് നാടകം ആസൂത്രണം ചെയ്തത്.
1997 സപ്തംബര്‍ ആറിനാണ് എം. സി. ജേക്കബിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കിഴക്കമ്പം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജനുള്‍പ്പെടെയുള്ള പ്രമുഖര്‍ കേസില്‍ പ്രതികളാണ്.
എം. സി. ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കമ്പനിയുടെ വനിതാ ഹോസ്റലിന് നേരെ ബോംബേറ് നടത്തിയ കേസിലും ഈ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നൂറ്റമ്പതോളം പേര്‍ നടത്തിയ ബോബേറുമായി ബന്ധപ്പെട്ട കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമമുള്ളതായി ആരോപണമുണ്ടായിരുന്നു. അന്ന് ബോംബുണ്ടാക്കിയവര്‍ തന്നെയാണ് കെഎസ്ആര്‍ടിസി ബസില്‍ കണ്ട ഉഗ്രസ്ഫോടകശേഷിയുള്ള നാടന്‍ ബോംബുകളും ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.
കേസില്‍ പിടിയിലായ അഞ്ച് പേരും തങ്ങളെ കള്ളക്കേസില്‍ കുടുക്കാനുള്ള നാടകത്തെ പറ്റിയാണ് പൊലീസിനോട് പറഞ്ഞത്. സലിമിനെ കള്ളക്കേസില്‍ കുടുക്കാന്‍ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇവരെ വിട്ടയച്ചു.
ബോംബുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് കിട്ടിയ കത്തില്‍ മെയ് 10ന് നടന്ന ഓപ്പറേഷന്‍ പാളിയെന്ന് പറയുന്നുണ്ട്. മെയ് 10ന് എം. സി. ജേക്കബിന്റെ സപ്തതി ആഘോഷ ചടങ്ങ് വിപുല പരിപാടികളോടെ നടന്നിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരെയും മറ്റും അതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അതിനെ കുറിച്ചായിരിക്കണം കത്തിലെ സൂചനയെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications