ലോക്കര്‍ബീ: ലിബിയ കുറ്റം ഏറ്റെടുത്തു
യുഎന്‍: ആകാശത്ത് വച്ച് യാത്രാവിമാനം തകര്‍ത്ത് 270 പേരെ വധിച്ച 1988ലെ ലോക്കര്‍ബീ ദുരന്തത്തിന്റെ ഉത്തരവാദിത്വം ലിബിയ ഏറ്റെടുത്തു. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സിലിന് അയച്ച കത്തിലാണ് ലിബിയ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
സ്കോട്ട്ലാന്റിലെ ലോക്കര്‍ബീയ്ക്ക് മുകളില്‍ വച്ചാണ് 1988 ഡിസംബര്‍ 21ന് 103ാം നമ്പര്‍ പാന്‍ അമേരിക്കന്‍ യാത്രാവിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. ലോകമാകെ ലിബിയയ്ക്കെതിരെ കുറ്റമാരോപിച്ചെങ്കിലും അന്നെല്ലാം ലിബിയ കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമല്ല, അന്നത്തെ വിമാനദുരന്തത്തിന് ഇരയായ 259 പേര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ലിബിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലിബിയയുടെ ദൂതന്‍ ഒപ്പുവച്ചിരിക്കുന്ന മൂന്ന് പേജുള്ള കത്തില്‍ തീവ്രവാദത്തെ ലിബിയ ശക്തമായി തള്ളിപ്പറയുന്നുണ്ട്. തീവ്രവാദത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും ലിബിയ കത്തില്‍ വ്യക്തമാക്കുന്നു. ഇനി യാതൊരു വിധ തീവ്രവാദപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ലെന്നും ലിബിയ കത്തില്‍ ഉറപ്പുനല്കിയിട്ടുണ്ട്.
ഇതിനകം ലിബിയ അപകടത്തില്‍ മരിച്ചവര്‍ക്ക് 12,960 കോടി രൂപ നഷ്ടപരിഹാരമായി നല്കിയതായും വാര്‍ത്തയുണ്ട്. പുതിയ സാഹചര്യത്തില്‍ ലിബിയയ്ക്കെതിരെ 1992ല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതായി യുഎസും ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം ലിബിയയ്ക്കെതിരെ നിയന്ത്രിത യുഎസ് ഉപരോധം നിലനില്ക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്കോട്ട് മക്െലെല്ലന്‍ അറിയിച്ചു. ലിബിയയുടെ മോശമായ മനുഷ്യാവകാശ ചരിത്രവും ജനാധിപത്യസ്ഥാപനങ്ങളുടെ അഭാവവുമെല്ലാം ഇപ്പോഴും ലിബിയയ്ക്കെതിരായ സംശയം പുലര്‍ത്താന്‍ യുഎസിനെ പ്രേരിപ്പിയ്ക്കുന്നുവെന്നും സ്കോട്ട് മക്െലെല്ലന്‍ പറഞ്ഞു.












Click it and Unblock the Notifications