ജാനുവിന് പാസ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവ്
കൊച്ചി: ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന് പാസ്പോര്‍ട്ട് വിട്ടുകൊടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി ബി ഐക്ക് നിര്‍ദേശം നല്‍കി.
സപ്തംബര്‍ എട്ട് മുതല്‍ 17 വരെ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ജാനുവിന് പാസ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവായത്.
മുത്തങ്ങ കേസിലെ ഒന്നാം പ്രതിയായ ജാനു ജാമ്യം അനുവദിക്കുന്നതിനുള്ള കോടതിയുടെ വ്യവസ്ഥ അനുസരിച്ചാണ് പാസ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദേശത്ത് പോവുന്നതിന് പാസ്പോര്‍ട്ട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട ജാനു ഹര്‍ജി നല്‍കിയിരുന്നു.
ജാനുവിന്റെ ആവശ്യത്തെ സി ബി ഐ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാണ് മടങ്ങിയെത്തുകയെന്ന് ഹര്‍ജിയില്‍ പറയുന്നില്ലെന്നും അന്വേഷണസംഘത്തിന് ജാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സി ബി ഐ ജാനുവിന്റെ അപേക്ഷയെ എതിര്‍ത്തത്.
ജാനുവിന് പാസ്പോര്‍ട്ട് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി ബി ഐക്ക് ആവശ്യമെങ്കില്‍ ആഗസ്ത് 30ന് മുമ്പായി സുല്‍ത്താന്‍ ബത്തേരി ഗസ്റ് ഹൗസില്‍ വച്ച് ജാനുവിനെ ചോദ്യം ചെയ്യാമെന്ന് നിര്‍ദേശിച്ചു.
പാസ്പോര്‍ട്ട് വിട്ടുകൊടുക്കുന്നതിന് 25,000 രൂപയുടെ ബോണ്ട് നല്‍കണം. കേരളത്തില്‍ നിന്ന് തിരിക്കുന്നതിനെയും തിരിച്ചുവരുന്നതിനെയും കുറിച്ചും വിദേശത്തെ പരിപാടികളുടെ വിശദാംശങ്ങളെ കുറിച്ചും ജാനു സത്യവാങ്മൂലം സമര്‍പ്പിക്കണം. ആഗസ്ത് 30ന് മുമ്പായി കേരളം വിടരുതെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications