ജയകൃഷ്ണന്‍ വധം: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 26-ന്
കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.കെ. ചന്ദ്രദാസ് കണ്ടെത്തി. ഒരു പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെവിട്ടു. ഓഗസ്റ് 26 ചൊവാഴ്ചയേ ശിക്ഷ വിധിയ്ക്കുകയുള്ളു.
ഒന്നാം പ്രതി മൊകേരി പാറമ്മല്‍ അച്ചാറമ്പത്ത് പ്രദീപന്‍ (32), രണ്ടാം പ്രതി പാട്യം മുതിയങ്ങയിലെ കുഞ്ഞിപ്പുനത്തില്‍ സുന്ദരന്‍ (40), മൂന്നാംപ്രതി മൊകേരി കൂരാറയിലെ നള്ളവീട്ടില്‍ ഷാജി (30), നാലാം പ്രതി കൂരാറ അരയാലക്കണ്ടി പറമ്പത്ത് ചാത്തമ്പള്ളി ദിനേശ്ബാബു (29), ആറാം പ്രതി കൂരാറ കിഴങ്ങുംവള്ളിപ്പൊയില്‍ കെ.കെ. അനില്‍കുമാര്‍ (32) എന്നിവരാണ് കുറ്റക്കാര്‍.
അഞ്ചാം പ്രതിയായ മൊകേരി ചെറുപറ്റ മൂളിയില്‍പറമ്പന്‍ രാജനെ (35) യാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടത്. ഏഴാം പ്രതിയായിരുന്ന പാളയംകണ്ടിയില്‍ സജീവന്‍ (30) വിചാരണക്കിടയില്‍ ആത്മഹത്യചെയ്തിരുന്നു.
കേസിന് വിധി പറയുന്ന ദിവസമായിരുന്നതിനാല്‍ കോടതി പരിസരത്തും തലശ്ശേരിയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തിയ അഞ്ച് പ്രതികളെയും കോടതി സബ്ജയിലിലേക്ക് റിമാന്‍ഡ്ചെയ്തു. കനത്ത സുരക്ഷാവലയത്തിലാണ് പ്രതികളെ സബ്ജയിലിലേക്കു കൊണ്ടുപോയത്. ഒട്ടേറെ സി പി എം പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോടതിയില്‍ എത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148, 342, 302, 149 എന്നീ വകുപ്പുകളനുസരിച്ചാണ് ഈ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി.
1999 ഡിസംബര്‍ ഒന്നിന് രാവിലെ 10.40-ന് മൊകേരി ഈസ്റ് യു.പി സ്കൂളിലെ ആറ് ബി. ക്ലാസ് മുറിയില്‍വച്ചാണ് ജയകൃഷ്ണനെ ചിലര്‍ വെട്ടി കൊന്നത്. ഈ കേസിന്റെ വിചാരണ കഴിഞ്ഞമാസം രണ്ടിനാണ് ആരംഭിച്ചത്.












Click it and Unblock the Notifications