അയോധ്യ: എഎസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ലക്നോ: ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ (എ എസ് ഐ) അയോധ്യയിലെ തര്‍ക്കസ്ഥലത്ത് നടത്തിയ ഉത്ഖനനം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ആഗസ്ത് 22 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അയോധ്യാ കേസുകളിന്മേല്‍ വാദം കേള്‍ക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ഫുള്‍ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കും.
പുരാവസ്തു വകുപ്പിലെ സംഘത്തിന്റെ തലവന്‍ ഹരി മഞ്ജിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ജഡ്ജിമാരായ എസ്. എ. അലം, കേം കരന്‍, ഭന്‍വര്‍ സിംഗ് റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോപ്പികള്‍ കേസുകളിലെ കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കും.
2003 മാര്‍ച്ചിലാണ് അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടോയെന്ന് കുഴിച്ചുനോക്കി പരിശോധിക്കാന്‍ ഹൈക്കോടതി പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് 12ന് തുടങ്ങിയ കുഴിച്ചുനോക്കല്‍ ആഗസ്ത് ഏഴിന് അവസാനിച്ചു. കുഴിച്ചുനോക്കലിനിടയില്‍ ലഭിച്ച 1374 വസ്തുക്കള്‍ സംഘം ലബോട്ടറിയില്‍ പരിശോധിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവോ എന്നതുസംബന്ധിച്ച തര്‍ക്കത്തിന് പുതിയ വഴിത്തിരിവാകും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. അതേ സമയം അഖിലേന്ത്യാ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications