പൊതുസിവില്‍കോഡ്: തീരുമാനമെടുത്തിട്ടില്ല
ദില്ലി: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലി ലോക്സഭയില്‍ ആഗസ്ത് 22 വെള്ളിയാഴ്ച അറിയിച്ചു.
വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത് അവയുമായും രാഷ്ട്രീയനേതാക്കളുമായും കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് എ ഐ എ ഡി എം കെ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി അരുണ്‍ ജെറ്റ്ലി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഒരു സംവാദം നടന്നുവരികയാണ്. വ്യക്തിനിയമങ്ങള്‍ മുമ്പും ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. 1954ലെ പ്രത്യേക വിവാഹ നിയമം, 2001ലെ ഇന്ത്യന്‍ വിവാഹമോചന (ഭേദഗതി) നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമം തുടങ്ങിയവ ഭേദഗതി ചെയ്തത് ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനക്ക് ശേഷമായിരുന്നു.
ഏകീകൃത സിവില്‍ കോഡ് വേണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും മൂന്നംഗ ബഞ്ചിലെ ഒരംഗം ഏകീകൃത സിവില്‍ കോഡ് വേണമെന്ന തന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജി. എം. ബനാത്ത്വാല പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടതുണ്ടെന്നായിരുന്നു ജെറ്റ്ലിയുടെ മറുപടി.












Click it and Unblock the Notifications