ഐടി പദ്ധതി വ്യവസ്ഥകളില്‍ മാറ്റം
തിരുവനന്തപുരം: ഐടി കമ്പനികള്‍ സംസ്ഥാനത്തേക്ക് കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലെ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ പദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.
ഐ ടി കമ്പനികളില്‍ നിന്ന് കാര്യമായ പ്രതികരണം ലഭിക്കാത്തതിനാലാണ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഏര്‍ളി ബേര്‍ഡ് ഇന്‍സെന്റീവ് സ്കീം എന്ന പദ്ധതിക്ക് പകരം കേരള പയനീര്‍ ഇന്‍സെന്റീവ് സ്കീം എന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്.
പഴയ പദ്ധതിക്ക് കീഴില്‍ പല അപേക്ഷകളും ഐടി വകുപ്പിന് ലഭിച്ചിരുന്നെങ്കിലും ഒരു കമ്പനിക്കും പദ്ധതി വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പദ്ധതി വ്യവസ്ഥകളില്‍ അയവ് വരുത്തുന്നത്.
നേരത്തെ പ്രഖ്യാപിച്ചതു പോലെ പദ്ധതിയുടെ ഇന്‍സെന്റീവ് 50 ലക്ഷമായിരിക്കും. ഐടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കമ്പനികള്‍ക്ക് മാത്രമേ പുതിയ പദ്ധതിയില്‍ അനുമതി നല്‍കുകയുള്ളൂ.
നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി കൃത്യമായ കാലയളവിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന 10 കമ്പനികളെ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ കമ്പനികളുടെ എണ്ണത്തില്‍ പരിധിയുണ്ടാവില്ല.
250 തൊഴില്‍ അവസരങ്ങള്‍ കമ്പനികള്‍ നല്‍കണമെന്നതായിരുന്നു നേരത്തെയുള്ള പദ്ധതിയിലെ വ്യവസ്ഥ. പുതിയ പദ്ധതിയില്‍ ഈ വ്യവസ്ഥയുണ്ടാവില്ല.












Click it and Unblock the Notifications