സ്വകാര്യഫണ്ടോടെയുള്ള ഗവേഷണം വേണ്ട
കൊച്ചി: സ്വകാര്യഫണ്ടോടെ നടത്തുന്ന ഗവേഷണ പരിപാടികള്‍ പൂര്‍ണമായും നിരോധിക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ എം. കുഞ്ഞാമന്‍ ആവശ്യപ്പെട്ടു.
ഭാരതീയ വിചാര കേന്ദ്ര സംഘടിപ്പിച്ച ഗവേഷണം ദേശീയ നവോത്ഥാനത്തിന് എന്ന വിഷയത്തിലുള്ള സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കുഞ്ഞാമന്‍.
സ്വകാര്യ മേഖലയ്ക്കും വിപണിയിലെ ശക്തികള്‍ക്കും പ്രയോജനകരമായ ഗവേഷണങ്ങള്‍ക്ക് മാത്രമേ സ്വകാര്യ ഫണ്ട് ലഭിക്കുന്നുള്ളൂ. ബൗദ്ധിക ശേഷി വിലക്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്.
അറിവിന്റെ ഉത്പാദനം വളരെ സംഘടിതമായ ഒരു സാമ്പത്തിക പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. വിപണി നിയന്ത്രിക്കുന്ന ഗവേഷണങ്ങളില്‍ അറിവിന്റെ ഘടന മൂലധന ശക്തികള്‍ അവരുടെ ആവശ്യത്തിനനുസരിച്ച് നിര്‍ണയിക്കുന്നു. ആഗോളതലത്തിലും ദേശീയതലത്തിലും പ്രാദേശികതലത്തിലും വ്യാപിപ്പിക്കേണ്ട അറിവിന്റെ ഘടന നിര്‍ണിയിക്കുന്ന വിപണിയുടെ ശക്തികള്‍ സാങ്കേതികവിദ്യയില്‍ കുത്തക സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ഇന്നത്തെ സന്ദര്‍ഭത്തില്‍ സമ്പത്തിന്റെ വിതരണം പോലെ തന്നെയാണ് അറിവിന്റെ വിതരണവും. അറിവ് ഒരു കച്ചവട ഉത്പന്നമായി തീര്‍ന്നിരിക്കുന്നു. പാവപ്പെട്ടവര്‍ ഉന്നതവിദ്യാഭ്യാസ രംഗത്തു നിന്ന് പുറന്തള്ളപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്- കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടി.
ചരിത്ര ഗവേഷ രീതിശാസ്ത്രം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച എം. ജി. എസ്. നാരായണന്‍ ചരിത്ര ഗവേഷണത്തില്‍ ഭാരതീയമായ രീതികള്‍ പിന്തുടണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications