മൂന്ന് ബ്രിട്ടീഷ് സൈനികരെ കൊന്നു
ബാഗ്ദാദ്: ഇറാഖില്‍ മൂന്ന് ബ്രിട്ടീഷ് സൈനികരെ ഒരു അജ്ഞാതന്‍ വെടിവച്ച് കൊന്നു. കിര്‍ക്കുക്കില്‍ കുര്‍ദ്ദുകളും തുര്ക്കിവംശജരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പതു പേര് മരിച്ചതായും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അല്‍ക്വെയ്ദ സ്വഭാവത്തോടുകൂടിയ പോരാളികള്‍ ഇറാഖില്‍ ഉണ്ടെന്നും പക്ഷെ ഇറാഖില്‍ ജനാധിപത്യം സ്ഥാപിയ്ക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാകാതെ മടങ്ങുന്ന പ്രശ്നമില്ലെന്നും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. ഇറാഖിന്റെ ഭാവി അക്രമികളായ ഒരു കൂട്ടം പേരുടെ കൈകളില്‍ ഏല്പിക്കുന്ന പ്രശ്നമില്ലെന്നും ബുഷ് വിശദീകരിച്ചു.
ഇറാഖിലെ ബസ്ര നഗരത്തില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു ബ്രിട്ടീഷ് സൈനിക വാഹനത്തിന് നേരെ ഒരു അജ്ഞാതന്‍ നിറയൊഴിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടത്. ബ്രിട്ടന്റെ റോയല്‍ മിലിറ്ററി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടന് അറിയിച്ചു.
സദ്ദാം അധികാരമൊഴിഞ്ഞ ശേഷം ഇതുവരെ 10 ബ്രിട്ടീഷ് സൈനികരും 64 യുഎസ് സൈനികരും ഗറില്ലാ രീതിയിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.