ഇമ്മ്യൂണോ ക്യുആര്‍ ഉല്പാദിപ്പിയ്ക്കാം: കോടതി
കൊച്ചി: ഇമ്മ്യൂണോ ക്യുആര്‍ എന്ന മരുന്ന് ഉല്പാദിപ്പിയ്ക്കുന്നതിനും വില്ക്കുന്നതിനും മജീദിന് അനുമതി നല്കിക്കൊണ്ട് ഹൈക്കോടതി വിധിപുറപ്പെടുവിച്ചു. എയ്ഡ്സിന് മറുമരുന്ന് എന്ന പരസ്യത്തിലൂടെ ഇമ്മ്യൂണോ ക്യൂആര്‍ വിപണിയിലെത്തിച്ച മജീദ് കുറെക്കാലമായി കോടതിയുടെ വിലക്കിനെ തുടര്‍ന്ന് മരുന്നുല്പാദനവും വില്പനയും നിര്‍ത്തിവച്ചിരിയ്ക്കുകയായിരുന്നു.
അതേ സമയം എയ്ഡ്സിനെ ഭേദമാക്കാനുള്ള മരുന്ന് എന്ന നിലയില്‍ ഇമ്മ്യൂണോ ക്യുആറിനെ വിപണിയില്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എയ്ഡ്സിനുള്ള മരുന്നെന്ന നിലയില്‍ ഇമ്മ്യൂണോ ക്യുആറിനെക്കുറിച്ച് പരസ്യം ചെയ്യരുതെന്ന് കോടതി മജീദിനെ വിലക്കി. ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്ത, ജസ്റിസ് എ.കെ. ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
ഇമ്മ്യൂണോ ക്യുആര്‍ ഉല്പാദിപ്പിയ്ക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ചില വ്യവസ്ഥകള്‍ക്ക് വിധേയമാക്കി ഈ മരുന്നു ഉല്പാദിപ്പിക്കുന്നതിന് അനുമതി നല്കുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാനസര്‍ക്കാരും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ മരുന്ന ിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ നവമ്പര്‍ 26ന് മുമ്പ് സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വീണ്ടും ഡിസംബര്‍ അഞ്ചിന് വാദം കേള്‍ക്കും.
പിയുസിഎല്‍ നല്കിയ ഒരു പൊതുതാല്പര്യഹര്‍ജിയിന്മേലാണ് നേരത്തെ കോടതി ഈ മരുന്ന് ഉല്പാദിപ്പിക്കാനും വില്ക്കാനുമുള്ള അനുമതി റദ്ദാക്കിയിരുന്നത്. ഇതിനെതിരെ മജീദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിയ്ക്കുകയായിരുന്നു.
ഇമ്മ്യൂണോ ക്യുആര്‍ എന്ന മരുന്ന് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പരിശോധിയ്ക്കുമെന്നും ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്കാമെന്നും നേരത്തെ ജൂലൈ ഒമ്പതിന് സര്‍ക്കാര്‍ കോടതിയ്ക്ക് ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളര്‍ ഈ മരുന്ന് പരിശോധിയ്ക്കാന്‍ പ്രാപ്തനല്ലെന്നും പകരം മരുന്ന് പരിശോധിയ്ക്കാന്‍ ആയുര്‍വേദരംഗത്തെ വിദഗ്ധരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചു. അതേ സമയം സമിതിയ്ക്ക് ഇതുവരെ യോഗം ചേരാനോ റിപ്പോര്‍ട്ട് തയ്യാറാക്കാനോ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി മൂന്നു മാസത്തെ സമയം കൂടി ഗവ. പ്ലീഡര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതുവരെ ഈ മരുന്ന് ഉല്പാദിപ്പിക്കാനും വില്ക്കാനും മജീദിനെ അനുവദിയ്ക്കുന്നതില്‍ തെറ്റില്ലെന്നും ഗവ. പ്ലീഡര്‍ നിര്‍ദേശിച്ചു.
ഇതേ തുടര്‍ന്നാണ് നവമ്പര്‍ 26ന് മുമ്പ് മരുന്ന് സംബന്ധിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് നല്കാനും അതുവരെ എയ്ഡിനുള്ള മരുന്ന് എന്ന പരസ്യം ഒഴിവാക്കി ഇമ്മ്യൂണോ ക്യുആര്‍ ഉല്പാദിപ്പിയ്ക്കാനും വില്ക്കാനും കോടതി മജീദിന് അനുവാദം നല്കിയിരിക്കുന്നത്.












Click it and Unblock the Notifications