ലിനോ ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ഥി ആയേക്കും
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി ലിനോ ജേക്കബ് യു ഡി എഫ് സ്ഥാനാര്‍ഥി ആയേക്കും.
ലിനോ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരിക്കുന്നത്. അന്തരിച്ച ജോര്‍ജ് ഈഡന്‍ ഐ ഗ്രൂപ്പുകാരനായതിനാല്‍ ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നയാളെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. കെ. കരുണാകരനാണ് ലിനോയുടെ പേര് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനോട് നിര്‍ദേശിച്ചത്.
നേരത്തെ എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച് സെബാസ്റ്യന്‍ പോളിനോട് തോറ്റ ആന്റണി ഐസക്കായിരുന്നു അവസാന നിമിഷം വരെ ഐ ഗ്രൂപ്പ് യോഗത്തില്‍ പരിഗണിക്കപ്പെട്ട മറ്റൊരാള്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ആഗസ്ത് 30 ശനിയാഴ്ച കെ പി സി സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥിയുടെ പേര് ഹൈക്കമാന്റിന് മുന്നില്‍ വയ്ക്കുന്നത്.
കെ. മുരളീധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, എറണാകുളം ഡി സി സി പ്രസിഡന്റ് കെ. പി. ധനപാലന്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications