ജിജിതോംസണ്‍ വ്യവസായ സെക്രട്ടറിയാവില്ല
തിരുവനന്തപുരം: വ്യവസായ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജിജി തോംസണ്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് അഭ്യര്‍ഥിച്ചു.
കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടറായ ജിജി തോംസണെ വ്യവസായ സെക്രട്ടറിയാക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വ്യവസായ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിന് ജിജി തോംസണ്‍ വിസമ്മതിച്ചതെന്നാണ് അറിയുന്നത്.
ആഗോള നിക്ഷേപക സമ്മേളനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യവസായ വകുപ്പ് കെ എസ് ഐ ഡി സിയെ ഒതുക്കിനിര്‍ത്തിയെന്ന് ജിജി തോംസണ്‍ മുഖ്യമന്ത്രിയോട് വ്യക്തമാക്കി. ശ്രീനഗറില്‍ നിന്നും താന്‍ തിരിച്ചുവരുംവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി ജിജി തോംസണോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചില സുപ്രധാന പദ്ധതികള്‍ നടപ്പില്‍വരുന്ന സാഹചര്യത്തിലാണ് തന്നെ കെ എസ് ഐ ഡി സിയുടെ എം ഡി സ്ഥാനത്തുനിന്നും നീക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട നിലക്ക് വ്യവസായ വകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും ജിജി തോംസണ്‍ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയതായാണ് അറിയുന്നത്.












Click it and Unblock the Notifications