അഞ്ച് വര്‍ഷത്തിനകം ഇന്ത്യ ചന്ദ്രനിലേക്ക്
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യത്തെ ലൂണാര്‍ മിഷന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ഐഎസ്ആര്‍ഒയുടെ പുതിയ ആക്ടിംഗ് ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.
സപ്തംബര്‍ മൂന്ന് ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചന്ദ്രന് ചുറ്റും കറങ്ങുന്ന ബഹിരാകാശ വാഹനം ഇന്ത്യയ്ക്കുണ്ടാവും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ദൗത്യത്തിനായുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ദൗത്യത്തിനായി രണ്ട് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളുകള്‍ വിക്ഷേപിക്കാനാവും. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ചെയ്തത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നമുക്ക് ചെയ്യാനാവും.
വിദ്യാഭ്യാസ കൃത്രിമ ഉപഗ്രഹമായ എജ്യുസാറ്റ് അടുത്ത വര്‍ഷം വിക്ഷേപിക്കും. രാജ്യത്തെ ഐഐടികളും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സും മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും.
ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ 100 ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കും.
മനുഷ്യരില്ലാത്ത ഒരു ബഹിരാകാശ ദൗത്യത്തിന് ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്യുന്നുണ്ട്. കൊളംബിയ ദുരന്തത്തില്‍ നിന്ന് നമ്മുടെ തെറ്റുകള്‍ തിരിച്ചറിയാനാവണം- മാധവന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications