ഐടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്
സേലം: ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ അഞ്ച് ചെറുപ്പക്കാരെ പൊലീസ് പിടികൂടി. ഇവര്‍ ഇതിനകം പലരില്‍ നിന്നായി ഏകദേശം 2.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.
അഞ്ചു ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും റബര്‍ സ്റാമ്പുകളും ലെറ്റര്‍ ഹെഡുകളും കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് പൊന്‍ മാണിക്കവേല്‍ പറഞ്ഞു. സംഘത്തിന്റെ തട്ടിപ്പിനിരയായ ഒരു വ്യാപാരി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് രണ്ട് ദിവസം മുമ്പാണ് ഈ സംഘം വ്യാപാരിയെ സമീപിച്ചത്. ഇദ്ദേഹത്തില്‍ നിന്ന് 1.29 ലക്ഷം രൂപയും 95 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇവര്‍ കൊണ്ടുപോയി. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വ്യാപാരി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പണക്കാരെയും വ്യാപാരികളെയും സമീപിക്കുകയാണ് ഇവരുടെ പതിവ്. വീടുകളില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം വ്യാജരേഖകള്‍ നല്കും. പിന്നീട് ചെന്നൈയിലുള്ള ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യും.
ഈ സംഘം ഇതിനകം 25ഓളം തട്ടിപ്പുകള്‍ നടത്തിയതായും പൊന്‍ മാണിക്കവേല്‍ പറഞ്ഞു.












Click it and Unblock the Notifications