എം.ഒ. ജോണ്‍ പത്രിക നല്‍കി; ഐ ഗ്രൂപ്പ് വിട്ടുനിന്നു
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.ഒ. ജോണ്‍ പത്രിക നല്‍കി. ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണത്തിന്റെ അവസാനദിനമായ ആഗസ്ത് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് ജോണ്‍ പത്രിക നല്‍കിയത്.
ഐ ഗ്രൂപ്പില്‍പ്പെട്ടനേതാക്കള്‍ ആരും തന്നെ പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമായിരുന്നു.
മന്ത്രി എം.എ. കുട്ടപ്പന്‍, എംഎല്‍എമാരായ കെ. ബാബു, വി.ഡി. സതീശന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡൊമിനിക്ക് പ്രസന്റേഷന്‍, കെ. മുഹമ്മദാലി തുടങ്ങിയവര്‍ക്കൊപ്പമാണ് എം.ഒ. ജോണ്‍ പത്രിക നല്‍കാനെത്തിയത്. കെപിസിസി ഭാരവാഹികളായ എം.ഐ. ഷാനവാസ്, ബെന്നി ബഹനാന്‍, ഡിസിസി പ്രസിഡണ്ട് കെ.പി. ധനപാലന്‍ തുടങ്ങിയവരും യുഡിഎഫ് ഘടകകക്ഷി നേതാക്കളും നിരവധി പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
പത്രികാ സമര്‍പ്പണത്തിന് മുമ്പ് എം. ഒ. ജോണ്‍ കരുണാകരനെ പോയി കണ്ടിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവെന്ന നിലയിലാണ് കരുണാകരനെ പോയി കണ്ടതെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നുമാണ് ജോണിന്റെ വാദം. തിരഞ്ഞെടുപ്പിനു മുമ്പുള്ള പിണക്കങ്ങള്‍ പ്രചാരണം തുടങ്ങുന്നതോടെ അവസാനിക്കുമെന്നും ജോണ്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് പിണങ്ങി നില്‍ക്കുകയാണെങ്കിലും ജോണിന്റെ ജയം എല്ലാ മുതിര്‍ന്ന നേതാക്കളുടെയും ഉത്തരവാദിത്വമാണെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരിയ്ക്കുകയാണ്. ഇത് ഐ വിഭാഗത്തിനോടുള്ള ഹൈകമാണ്ടിന്റെ നിലപാട് കൂടി വ്യക്തമാക്കുന്നതാണ്.
എറണാകുളത്തെ വിധി സര്‍ക്കാറിനെ വിലയിരുത്തലാവില്ലെന്ന് മുന്‍ കൂര്‍ ജാമ്യം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് എം എം ഹസന്‍.
എന്നാല്‍ എം.ഒ. ജോണിന്റെ പ്രചാരണ പരിപാടികളില്‍നിന്നെല്ലാം വിട്ടുനില്‍ക്കാനാണ് ഐഗ്രൂപ്പ് തീരുമാനം. ശനിയാഴ്ച നടക്കുന്ന ജോര്‍ജ് ഈഡന്‍ അനുസ്മരണം ഐഗ്രൂപ്പിന്റെ ശക്തിപ്രകടനമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനുകള്‍ വിളിക്കാനും തീരുമാനമായിട്ടുണ്ട്. ശനിയാഴ്ച കരുണാകരന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ തീരുമാനിക്കും.












Click it and Unblock the Notifications