എറണാകുളം പുതിയ തുടക്കമാവും:ബിജെപി
കോഴിക്കോട്: എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയപ്രവണതക്ക് തുടക്കമാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഇതുവരെ മറ്റ് പാര്‍ട്ടികള്‍ രഹസ്യമായി മാത്രമാണ് ബി ജെ പി പിന്തുണ തേടിയിരുന്നതെങ്കില്‍ ബി ജെ പിയുടെ പരസ്യപിന്തുണയോടെയാണ് മുന്‍ സി പി എം നേതാവ് വി. വിശ്വനാഥമേനോന്‍ എറണാകുളത്ത് മത്സരിക്കുന്നത്. ഇത് ഒരു മാറ്റത്തിന് തുടക്കം കുറിക്കലാണ്.
മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന 12 ദിവസത്തെ റിലേ ഉപവാസം സപ്തംബര്‍ 10 ബുധനാഴ്ച ഉദ്ഘാടനം ചെയ്തതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
വിശ്വനാഥമേനോന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സി പി എമ്മിനെയും എസ്. കൃഷ്ണകുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെയും ഉലച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10.5 ശതമാനം വോട്ട് നേടിയ ബി ജെ പിക്ക്യ് വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞു. യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് എട്ട് ശതമാനത്തില്‍ കൂടുതല്‍ വോട്ട് സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ 16 ശതമാനം വോട്ട് നേടുകയാണ് ബി ജെ പിയുടെ ലക്ഷ്യം- ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications